07/03/2026
[fontresizer_tawhidurrahmandear_widget]

എക്സിലെ ‘ബോട്ട് ‘ ശുദ്ധീകരണം മോദിയുടെ അക്കൗണ്ടിലും? ഒറ്റയടിക്ക് പ്രധാനമന്ത്രിയുടെ 40 ലക്ഷം ഫോളോവേഴ്സ് ‘അപ്രത്യക്ഷരാ’യെന്ന് റിപ്പോർട്ട്‌

 എക്സിലെ ‘ബോട്ട് ‘ ശുദ്ധീകരണം മോദിയുടെ അക്കൗണ്ടിലും? ഒറ്റയടിക്ക് പ്രധാനമന്ത്രിയുടെ 40 ലക്ഷം ഫോളോവേഴ്സ് ‘അപ്രത്യക്ഷരാ’യെന്ന് റിപ്പോർട്ട്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ് (പഴയ ട്വിറ്റർ) അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്‌സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

എക്‌സ് പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകൾ) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈർ പങ്കുവെച്ച സ്‌ക്രീൻഷോട്ടുകളിൽ, മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 109 മില്യണിൽ നിന്ന് 105 മില്യണായി കുറഞ്ഞതായി കാണിക്കുന്നു. “പ്രധാനമന്ത്രി മോദിക്ക് 4 മില്യൺ (ബോട്ടുകൾ) ഫോളോവേഴ്‌സിനെ നഷ്ടമായി” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രങ്ങൾ പങ്കുവെച്ചത്.

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ്, പ്ലാറ്റ്‌ഫോമിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി വ്യാജ അക്കൗണ്ടുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2009 ജനുവരിയിൽ എക്‌സിൽ ചേർന്ന നരേന്ദ്ര മോദി, ലോകത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാക്കളിൽ ഒരാളാണ്. നിലവിലെ കണക്കുകൾ പ്രകാരം 105 മില്യൺ ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. ഇലോൺ മസ്‌ക് (229 മില്യൺ), ബരാക് ഒബാമ (130 മില്യൺ), ക്രിസ്റ്റ്യാനോ റൊണാൾഡോ (115 മില്യൺ), ഡൊണാൾഡ് ട്രംപ് (110 മില്യൺ) എന്നിവർക്ക് പിന്നിലായി ആഗോളതലത്തിൽ ആദ്യ അഞ്ചിൽ മോദിയുമുണ്ട്.

സുബൈറിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള വാക്പോര് എക്‌സിൽ ശക്തമായി. ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞാലും മോദിയുടെ ജനപ്രീതിയെ അത് ബാധിക്കില്ലെന്നും, അദ്ദേഹം അടുത്ത തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നും അനുകൂലികൾ വാദിക്കുന്നു. ഓൺലൈൻ കണക്കുകളല്ല, മറിച്ച് ജനങ്ങളുടെ നേരിട്ടുള്ള പിന്തുണയാണ് പ്രധാനമന്ത്രിക്ക് ഉള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മറുവശത്ത്, എക്‌സ് ഉടമ മസ്‌ക് കൃത്യമായി ശുദ്ധീകരണം നടത്തിയാൽ മോദിയുടെ ഫോളോവേഴ്‌സിൽ 50-80 മില്യൺ വരെ കുറവുണ്ടാകുമെന്ന് വിമർശകർ ആരോപിക്കുന്നു. മോദിയുടെ ഫോളോവേഴ്‌സിൽ ഭൂരിഭാഗവും ‘ബോട്ടുകൾ’ ആണെന്നാണ് ഇവരുടെ വാദം.

സ്പാം, ഓട്ടോമേറ്റഡ് അക്കൗണ്ടുകൾക്കെതിരെ എക്‌സ് നടപടി ശക്തമാക്കിയതായി നവംബർ അവസാനം ഇലോൺ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോദിയുടെ അക്കൗണ്ടിലുണ്ടായ മാറ്റത്തെക്കുറിച്ച് എക്‌സോ, പ്രധാനമന്ത്രിയുടെ ഓഫീസോ, ബിജെപിയോ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: