ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ മൊബൈൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം
ന്യൂഡൽഹി: ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ നിർമാതാക്കൾ പുതിയ ഫോണുകളില്‍ സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പ് നിർബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം. സൈബര്‍ സേഫ്റ്റി ആപ്പ് എന്ന പേരിലാണ് ഒരു ആപ്ലിക്കേഷന്‍ ഫോണുകളില്‍ പ്രീലോഡ് ചെയ്യാന്‍ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഈ ആപ്പ് ഉപയോക്താക്കൾക്ക് അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയരുതെന്ന വ്യവസ്ഥയുമുണ്ട്. എന്നാല്‍, ആപ്പിൾ ഉൾപ്പെടെയുള്ള കമ്പനികളും സ്വകാര്യതാ അവകാശ പ്രവര്‍ത്തകരും നിര്‍ദേശത്തില്‍ ആശങ്കയുയർത്തിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണിയായ ഇന്ത്യയിൽ, ഡ്യൂപ്ലിക്കേറ്റ് IMEI നമ്പറുകൾ വഴിയുള്ള സൈബർ ഭീഷണികളെ ചെറുക്കാനാണ് സഞ്ചാർ സാത്തി എന്ന ആപ്പ് കൊണ്ടുവരുന്നത്. മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ ഉപകരണങ്ങൾ ട്രാക്ക് ചെയ്യാനും നെറ്റ്‌വർക്ക് ആക്‌സസ് തടയാനും ഇത് സഹായിക്കും. ഈ വർഷം ജനുവരിയിൽ പ്രവർത്തനം തുടങ്ങിയ ശേഷം 7 ലക്ഷത്തിലധികം ഫോണുകൾ വീണ്ടെടുക്കാൻ ആപ്പ് സഹായിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
നവംബർ 28ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, പ്രമുഖ കമ്പനികൾക്ക് പുതിയ ഉപകരണങ്ങളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് 90 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഉൽപന്നങ്ങൾ വിൽക്കുന്നതിന് മുമ്പ് മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണെന്നാണ് ആപ്പിളിന്റെ നിലപാട്. ഈ വിഷയത്തിൽ കമ്പനി മധ്യസ്ഥ ചർച്ചയ്ക്ക് സാധ്യത തേടിയേക്കാം.