ചാറ്റ്ജിപിടി ഇനി ‘ഫ്രീ’ ആകില്ല; വലിയ മാറ്റങ്ങളുമായി ഓപണ്‍ എഐ
ഓപ്പണ്‍എഐയുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സൗജന്യ പതിപ്പില്‍ ഉടന്‍ തന്നെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കും. റിപ്പോര്‍ട്ട് പ്രകാരം സൗജന്യ ഉപയോക്താക്കള്‍ക്കായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഓപ്പണ്‍എഐ പരീക്ഷിച്ചു തുടങ്ങി. നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഫ്രീ അവസരം ഇതോടെ അവസാനിക്കും.
ഗൂഗിള്‍ സെര്‍ച്ചിന് സമാനമായി വിവിധ ഉല്‍പ്പന്നങ്ങളുടെയും പ്രമോഷനുകളുടെയും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയൊരു വരുമാന സ്രോതസ്സ് കണ്ടെത്താനാണ് ഓപ്പണ്‍എഐയുടെ പുതിയ നീക്കം. പ്രീമിയം പ്ലാനുകള്‍ നിലവിലുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സൗജന്യ ഉപയോക്താക്കളില്‍ നിന്ന് പണം നേടുകയാണ്് കമ്പനിയുടെ ലക്ഷ്യം.
ചാറ്റ്ജിപിടി ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ‘ആഡ് ഫീച്ചര്‍’, ‘ബസാര്‍ കണ്ടന്റ്’ എന്നിവയിലേക്കുള്ള പുതിയ കോഡ് റഫറന്‍സുകള്‍ കണ്ടെത്തിയതായി എഞ്ചിനീയര്‍ ടിബോര്‍ ബ്ലാഹോ എക്സില്‍ ചൂണ്ടിക്കാട്ടി. പരസ്യങ്ങള്‍ ആദ്യം സെര്‍ച്ച് ഏരിയയില്‍ മാത്രമാകും ദൃശ്യമാവുക എന്നും സൂചനയുണ്ട്. നിലവില്‍ ആഴ്ചയില്‍ ഏകദേശം 800 ദശലക്ഷം ഉപയോക്താക്കളാണ് ചാറ്റ്ജിപിടിക്കുള്ളത്. പ്രതിദിനം 2.5 ബില്യണ്‍ പ്രോംപ്റ്റുകള്‍ പ്രോസസ്സ് ചെയ്യുന്ന ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ ഉപയോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. എഐ ചാറ്റുകളില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് സിഇഒ സാം ആള്ട്ട്മാന് നേരത്തെ പറഞ്ഞിരുന്നു.