2003 ലോകകപ്പ് ഫൈനലിൽ മുറിഞ്ഞ വിരലുമായി പോരാടി ഇന്ത്യയെ ‘കരയിപ്പിച്ച’ താരം; ഡാമിയൻ മാർട്ടിൻ ഗുരുതരാവസ്ഥയില്‍
ബ്രിസ്‌ബേൻ: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ അതീവ ഗുരുതരാവസ്ഥയിൽ. മെനിഞ്ചൈറ്റിസ് (തലച്ചോറിനെ ബാധിക്കുന്ന അണുബാധ) ബാധിച്ചതിനെത്തുടർന്ന് ബ്രിസ്‌ബേനിന് തെക്ക് ഗോൾഡ് കോസ്റ്റിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് 54കാരനായ മാർട്ടിൻ. താരം നിലവിൽ കോമയിലാണെന്നും ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കടുത്ത രോഗബാധിതനായിരുന്ന മാർട്ടിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെത്തുടർന്നാണ് ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന് നിലവിൽ വിദഗ്ധ ചികിത്സയാണ് നൽകുന്നതെന്നും ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും ഗോൾഡ് കോസ്റ്റ് ഹെൽത്ത് വക്താവ് സ്ഥിരീകരിച്ചു.
മാർട്ടിന്റെ തിരിച്ചുവരവിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും സഹതാരങ്ങളും വലിയ പ്രാർത്ഥനയിലാണ്. ‘നമ്മുടെ ഇതിഹാസത്തിന് വേണ്ടി ഒരുപാട് സ്‌നേഹവും പ്രാർത്ഥനയും അയക്കുന്നു. പോരാടി തിരിച്ചുവരാൻ താരത്തിന് കരുത്തുണ്ടാകട്ടെ,’ എന്ന് മുൻ സഹതാരം ഡാരൻ ലേമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. മാർട്ടിന്റെ പങ്കാളി അമാൻഡയ്ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുന്നതായി ആദം ഗിൽക്രിസ്റ്റും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ടോഡ് ഗ്രീൻബെർഗും അറിയിച്ചു.
ഓസ്‌ട്രേലിയയ്ക്കായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടുള്ള മാർട്ടിൻ, തന്റെ മനോഹരമായ ബാറ്റിംഗ് ശൈലിയിലൂടെയാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായത്. ടെസ്റ്റിൽ 46.37 ശരാശരിയിൽ 13 സെഞ്ചുറികൾ ഉൾപ്പെടെ 4406 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 1999, 2003 വർഷങ്ങളിൽ ലോകകപ്പ് നേടിയ കരുത്തുറ്റ ഓസ്‌ട്രേലിയൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ വിരലിന് പരിക്കേറ്റിട്ടും വേദന സഹിച്ച് പുറത്താകാതെ നേടിയ 88 റൺസ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നുണ്ട്. 2006ലെ ആഷസ് പരമ്പരയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ച താരം പിന്നീട് കമന്റേറ്ററായും തിളങ്ങിയിരുന്നു.