31/03/2026
[fontresizer_tawhidurrahmandear_widget]

മൂല്യം ഇടിഞ്ഞിടിഞ്ഞ് രൂപ; പ്രവാസികൾക്കിത് ‘ചാകര’ക്കാലം! യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ തിരക്കോട് തിരക്ക്

 മൂല്യം ഇടിഞ്ഞിടിഞ്ഞ് രൂപ; പ്രവാസികൾക്കിത് ‘ചാകര’ക്കാലം! യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ തിരക്കോട് തിരക്ക്

ദുബൈ/കൊച്ചി: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് അക്ഷരാർത്ഥത്തിൽ ‘ചാകര’ക്കാലമായി. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് 24.50-ൽ താഴെ എത്തിയതും ഡോളറിനെതിരെ 90 കടന്നതും പണമയക്കലിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി.

രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഈ നില മുതലെടുക്കാൻ പ്രവാസികൾ കൂട്ടമായി എക്‌സ്‌ചേഞ്ച് ഹൗസുകളിലേക്ക് ഒഴുകിയെത്തി. ഈ ആഴ്ചയിൽ മാത്രം യുഎഇയിലെ എക്‌സ്‌ചേഞ്ച് ഹൗസുകൾ വഴി നടന്ന പണമയക്കലിൽ 15 മുതൽ 20% വരെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 5% ആണ് രൂപയ്ക്ക് മൂല്യമിടിഞ്ഞത്. നിലവിൽ ഏഷ്യയിലെ കറൻസികളിൽ ഏറ്റവും മോശം പ്രകടനവും ഇന്ത്യൻ രൂപയുടേതാണ്.

വർധിച്ചുവരുന്ന വ്യാപാരക്കമ്മി, ധനക്കമ്മികൾ, വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻവാങ്ങൽ, ജിഡിപി വളർച്ചാ മാന്ദ്യം തുടങ്ങിയ ആഭ്യന്തര സാമ്പത്തിക സമ്മർദങ്ങളാണു രൂപയുടെ ഈ തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. എന്നാൽ രൂപയുടെ മൂല്യമിടിവ് പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത നേട്ടമായാണ് മാറിയത്.

2026 വരെ രൂപയ്ക്ക് കൂടുതൽ ബലഹീനതയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഈ സാഹചര്യം മുതലെടുത്ത് കൂടുതൽ പ്രവാസികൾ പണം നാട്ടിലേക്ക് അയക്കുന്ന പ്രവണത ശക്തമായി തുടരുകയാണ്.

Also read: