28/03/2026
[fontresizer_tawhidurrahmandear_widget]

വെറും കൈയോടെ അക്രമിയെ നേരിട്ടു; തോക്ക് പിടിച്ചുവാങ്ങി അഹ്‌മദ് രക്ഷിച്ചത് നിരവധി ജീവനുകൾ: വെടിയേറ്റ അഹ്‌മദ് അപകടനില തരണം ചെയ്‌തു, പ്രശംസയുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അധികൃതരും

 വെറും കൈയോടെ അക്രമിയെ നേരിട്ടു; തോക്ക് പിടിച്ചുവാങ്ങി അഹ്‌മദ് രക്ഷിച്ചത് നിരവധി ജീവനുകൾ: വെടിയേറ്റ അഹ്‌മദ് അപകടനില തരണം ചെയ്‌തു, പ്രശംസയുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും അധികൃതരും

സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെയുണ്ടായ ഭീകരാക്രമണത്തിനിടയിൽ ധീരതയുടെ ഉജ്ജ്വല മാതൃകയായി പഴക്കച്ചവടക്കാരൻ. പന്ത്രണ്ട് പേരുടെ ജീവനെടുത്ത ക്രൂരമായ ആക്രമണത്തിനിടെ സ്വന്തം ജീവൻ പണയം വെച്ച് അക്രമിയെ കീഴ്പ്പെടുത്തിയ അഹ്‍മദ് അൽ അഹ്‍മദ് (43) എന്ന സിഡ്നി സ്വദേശിയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കാരണമായതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ബോണ്ടി ബീച്ചിന് സമീപമുള്ള ആർച്ചർ പാർക്കിൽ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുമ്പോൾ, നിർത്തിയിട്ടിരുന്ന കാറുകൾക്ക് പിന്നിൽ നിന്ന് പിന്നിലൂടെയെത്തി അഹ്‍മദ് അക്രമിയെ കടന്നുപിടിക്കുകയായിരുന്നു. മൽപിടുത്തത്തിൽ തോക്ക് തട്ടിയെടുത്തു. തോക്ക് കൈക്കലാക്കിയ അഹ്‍മദ് ആദ്യം അക്രമിക്കു നേരെ ചൂണ്ടിയെങ്കിലും പിന്നീട് അത് സുരക്ഷിതമായി മാറ്റി വെക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.

അക്രമിയെ തടയുന്നതിനിടെ അഹ്‍മദിന് രണ്ടുതവണ വെടിയേൽക്കുകയും കൈക്കും തോളിനും പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. സിഡ്നിയിലെ സതർലാൻഡ് ഷയർ സ്വദേശിയായ ഇദ്ദേഹം രണ്ട് കുട്ടികളുടെ പിതാവാണ്.

ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് അഹ്മദിന്റെ ധീരതയെ “അവിശ്വസനീയം” എന്നാണ് വിശേഷിപ്പിച്ചത്. “അദ്ദേഹം ഒരു യഥാർത്ഥ ഹീറോയാണ്. അദ്ദേഹത്തിന്റെ ധീരത ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് പലരും ജീവനോടെ ഇരിക്കുന്നത്” – മിൻസ് പറഞ്ഞു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും അഹ്മദിന്റെ ധീരതയെ പ്രശംസിച്ചു.

Also read: