27/01/2026

ഒരൊറ്റ വരവിൽ മെസ്സിക്ക് കിട്ടിയത് 89 കോടി!; ’ഗോട്ട് ഇന്ത്യ ടൂറിൻ്റെ’ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

 ഒരൊറ്റ വരവിൽ മെസ്സിക്ക് കിട്ടിയത് 89 കോടി!; ’ഗോട്ട് ഇന്ത്യ ടൂറിൻ്റെ’ ഞെട്ടിക്കുന്ന കണക്കുകൾ ഇങ്ങനെ

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ സാമ്പത്തിക വിവരങ്ങൾ പുറത്ത്. ’ഗോട്ട് ഇന്ത്യ ടൂർ’ എന്ന പേരിൽ നടന്ന മെസ്സിയുടെ സന്ദർശനത്തിനായി ആകെ 100 കോടി രൂപയാണ് ചെലവായതെന്ന് സംഘാടകനായ സതാദ്രു ദത്ത വെളിപ്പെടുത്തി. ഇതിൽ 89 കോടി രൂപ മെസ്സിക്ക് പ്രതിഫലമായി നൽകിയപ്പോൾ, 11 കോടി രൂപ നികുതിയിനത്തിൽ ഇന്ത്യൻ സർക്കാരിന് ലഭിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സന്ദർശനത്തിന് ആവശ്യമായ തുക കണ്ടെത്തിയത് പ്രധാനമായും സ്പോൺസർഷിപ്പിലൂടെയും ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ്. ആകെ തുകയുടെ 30 ശതമാനം സ്പോൺസർഷിപ്പിലൂടെയും, മറ്റൊരു 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ് സമാഹരിച്ചതെന്നും സംഘാടകർ വ്യക്തമാക്കി.

എന്നാൽ, സന്ദർശനത്തിന്റെ ഭാഗമായി കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലുണ്ടായ വൻ സുരക്ഷാവീഴ്ച പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിസന്ധിയിലാക്കി. പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളെയും പ്രോട്ടോക്കോൾ ലംഘനങ്ങളെയും കുറിച്ച് അന്വേഷിക്കാൻ നാല് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ (SIT) സർക്കാർ നിയോഗിച്ചു.
‘സ്വാധീനമുള്ള ഒരു വ്യക്തിയുടെ’ ഇടപെടൽ മൂലം അനുവദനീയമായതിലും അധികം ആളുകൾ മൈതാനത്തേക്ക് പ്രവേശിച്ചതാണ് സുരക്ഷാ ക്രമീകരണങ്ങൾ തകരാൻ കാരണമായതെന്ന് സതാദ്രു ദത്ത മൊഴി നൽകി. ആളുകൾ പ്രോട്ടോക്കോൾ ലംഘിച്ച് മെസ്സിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വലിയ ഭീഷണിയുയർത്തിയിരുന്നു.

സുരക്ഷാവീഴ്ചയിൽ വിമർശനം ശക്തമായതോടെ പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് സ്ഥാനം രാജിവെച്ചു. പ്രമുഖർക്ക് ചട്ടവിരുദ്ധമായി പ്രവേശനം നൽകിയതിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും എസ്.ഐ.ടി അന്വേഷണം തുടരുകയാണ്.

Also read: