26/01/2026

എതിരാളികളെ വിറപ്പിച്ച മെസിയുടെ വട്ടപ്പേര് കേട്ടിട്ടുണ്ടോ? റൊസാരിയോയിലെ മെസ്സിയുടെ പഴയ കഥ വെളിപ്പെടുത്തി മുന്‍ സഹതാരം

 എതിരാളികളെ വിറപ്പിച്ച മെസിയുടെ വട്ടപ്പേര് കേട്ടിട്ടുണ്ടോ? റൊസാരിയോയിലെ മെസ്സിയുടെ പഴയ കഥ വെളിപ്പെടുത്തി മുന്‍ സഹതാരം

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിന്റെ നെറുകയിൽ നിൽക്കുമ്പോഴും ലയണൽ മെസ്സിയെന്ന മാന്ത്രികന്റെ വേരുകൾ ചെന്നെത്തുന്നത് റൊസാരിയോയിലെ പഴയ മൺമൈതാനങ്ങളിലേക്കാണ്. ഇന്ന് കാണുന്ന നേട്ടങ്ങൾക്കെല്ലാം അടിത്തറ പാകിയത് ആ ബാല്യകാലമായിരുന്നു. അന്ന് മെസ്സിയുടെ പേര് കേൾക്കുന്നത് തന്നെ എതിർ ടീമുകൾക്ക് പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുൻ സഹതാരവും ഇക്വഡോർ ഗോൾകീപ്പറുമായ ഹെർണാൻ ഗാലിൻഡസ്.

ഇഎസ്പിഎന്നിന് (ESPN) നൽകിയ അഭിമുഖത്തിലാണ് ഗാലിൻഡസ് മെസ്സിക്കൊപ്പമുള്ള പഴയ ഓർമ്മകൾ പങ്കുവെച്ചത്.

ആ പേര് കേട്ടാൽ എതിരാളികൾ തോൽക്കും! ന്യൂവെൽസ് ഓൾഡ് ബോയ്‌സിനായി കളിക്കുമ്പോൾ തന്നെ മെസ്സി ഒരു അത്ഭുതമായിരുന്നു. ചാമ്പ്യന്മാരാകാൻ ആഗ്രഹിക്കുന്ന ഏതൊരു ടീമും ആദ്യം അന്വേഷിക്കുന്നത് ആ പത്താം നമ്പറുകാരനെക്കുറിച്ചാണ്. അക്കാലത്ത് കളിക്കളത്തിൽ മെസ്സിയെ എല്ലാവരും വിളിച്ചിരുന്നത് ’10-ാം നമ്പറിൽ കളിക്കുന്ന എൽ കൊളറാഡോ’ (El Colorado – ചുവന്ന തലയുള്ളവൻ) എന്നായിരുന്നു.

ഈ പേര് എതിരാളികളിൽ സൃഷ്ടിച്ചിരുന്ന ഭയം ചെറുതൊന്നുമായിരുന്നില്ല. “കളി തുടങ്ങുന്നതിന് മുൻപ് തന്നെ 3-0ന് പിന്നിലായ അവസ്ഥയിലാകും എതിർ ടീം. അത്രമേൽ ആധിപത്യമായിരുന്നു അവനുണ്ടായിരുന്നത്. കളിക്കളത്തിൽ അവനൊരു മൃഗത്തെപ്പോലെയായിരുന്നു (He was a beast). ഞങ്ങളുടെ പ്രായത്തിലുള്ള ഒരാൾക്ക് അത്തരത്തിൽ പന്ത് കൈകാര്യം ചെയ്യാൻ കഴിയുന്നത് അവിശ്വസനീയമാണ്,” ഗാലിൻഡസ് ഓർത്തെടുത്തു.

മകന്റെ ആഗ്രഹം, മെസ്സിയുടെ സമ്മാനം വർഷങ്ങൾക്ക് ശേഷം ദേശീയ ജേഴ്‌സിയിൽ മെസ്സിയെ വീണ്ടും നേരിടാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഗാലിൻഡസ് കാണുന്നത്. മത്സരശേഷം തന്റെ എട്ട് വയസ്സുകാരനായ മകന്റെ വലിയ ആഗ്രഹം സാധിച്ചുകൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മെസ്സിയുമായി ജേഴ്‌സി കൈമാറിയാണ് ഗാലിൻഡസ് മടങ്ങിയത്. അന്നത്തെ ‘എൽ കൊളറാഡോ’യുടെ വലിയ ആരാധകനായിരുന്നു താനെന്നും, ആ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ഗാലിൻഡസ് കൂട്ടിച്ചേർത്തു.

Also read: