എൻ്റെ പൊന്നേ…! ലക്ഷം തൊട്ട് സ്വർണം
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് രാവിലെ പവന് 1,01,600 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 99,840 രൂപയിലെത്തിയ സ്വര്‍ണവില ഒറ്റ ദിവസം കൊണ്ട് 1,760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ആഭരണങ്ങള്‍ക്ക് 1.13 ലക്ഷം കടക്കും നിലവിലെ നിരക്കനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.13 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണവിലയ്ക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ്, ശരാശരി 10 ശതമാനം പണിക്കൂലി എന്നിവ കൂടി ചേര്‍ക്കുമ്പോഴാണ് ഈ തുകയാകുന്നത്.
വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അഡ്വാന്‍സ് ബുക്കിങ് നടത്തിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ നേരിയ ആശ്വാസമുള്ളത്. എന്നാല്‍ അപ്രതീക്ഷിതമായ ഈ വിലക്കയറ്റം വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായാണ് വിവരം.
വില കൂടാന്‍ കാരണമെന്ത്?
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകളും അമേരിക്കയും വെനസ്വേലയും തമ്മിലുള്ള സംഘര്‍ഷാവസ്ഥയും വിപണിയെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,400 ഡോളറിന് മുകളിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. വരും മാസങ്ങളിലും സ്വര്‍ണവില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.