ഗുട്ക, പാൻ മസാല ഉൽപന്നങ്ങൾക്കെതിരെ കടുത്ത നടപടിക്ക് കേന്ദ്ര സർക്കാർ; കർശന നിയമം കൊണ്ടുവരുന്നു
ന്യൂഡൽഹി: പാൻ മസാല, ഗുഡ്ക തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപനയും നികുതി വെട്ടിപ്പും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. ഈ ഉൽപ്പന്നങ്ങളുടെ നികുതി സംവിധാനം പരിഷ്‌കരിക്കുന്നതിനായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. പാൻ മസാല, ഗുഡ്ക തുടങ്ങിയ ഉൽപന്നങ്ങൾ പാക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്തുന്ന പുതിയ സംവിധാനം നടപ്പിലാക്കാനാണ് ആലോചന. നിലവിൽ ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി ചുമത്തുന്നത്. ഉൽപാദനത്തിൽ കുറവുണ്ടായാലും, ശേഷി അനുസരിച്ചുള്ള നിശ്ചിത പ്രതിമാസ സെസ് നിർമ്മാതാക്കൾ അടക്കണം. 15 ദിവസത്തിൽ കൂടുതൽ യന്ത്രങ്ങൾ അടച്ചിട്ടാൽ മാത്രമേ ഇളവ് ലഭിക്കൂ.
നിയമപരമല്ലാത്ത വ്യാപാരത്തെയും ആരോഗ്യപരമായ ഭീഷണികളെയും നേരിടാൻ സർക്കാരിന് പുതിയ വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ നിർമ്മാതാക്കളും നിർബന്ധമായും സർക്കാരിൽ രജിസ്റ്റർ ചെയ്യുകയും പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കുകയും വേണം. നികുതി വെട്ടിപ്പ് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് ഫാക്ടറികളിൽ പരിശോധന, ഓഡിറ്റ് എന്നിവ നടത്താൻ അധികാരമുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാം. സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ സെസ് ഇരട്ടിയാക്കാനുള്ള അധികാരവും സർക്കാരിൽ നിക്ഷിപ്തമാണ്.