9 വർഷമായി കറന്റ് ബില്ലില്ല; 650 പഴയ ലാപ്ടോപ്പ് വീടിനാവശ്യമായ മുഴുവന്‍ വൈദ്യുതിയും! ടെസ്‌ലയും തോൽക്കും, ഈ ബുദ്ധിക്ക് മുന്നിൽ!
ന്യൂയോർക്ക്: ഉപേക്ഷിക്കപ്പെട്ട ലാപ്ടോപ്പ് ബാറ്ററികളിൽ നിന്ന് ഒരു വീടിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഉൽപ്പാദിപ്പിച്ച് ലോകത്തെ വിസ്മയിപ്പിക്കുകയാണ് ‘ഗ്ലൂബക്‌സ്’ (Glubux) എന്നറിയപ്പെടുന്ന അമേരിക്കൻ സാങ്കേതിക വിദഗ്ധൻ. ന്യൂയോർക്കിലെ ഫാമിംഗ്‌ഡെയ്‌ലിലുള്ള ഇദ്ദേഹത്തിന്റെ വീട് 2016 മുതൽ പ്രവർത്തിക്കുന്നത് സർക്കാർ വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കാതെ, പൂർണമായും സ്വയം നിർമിത സംവിധാനത്തിലൂടെയാണ്.
സ്വന്തം ‘പവർവാൾ’ നിർമിച്ച് വിപ്ലവം
വിപണിയിൽ ലഭ്യമായ ടെസ്‌ല പവർവാൾ (Tesla Powerwall) പോലുള്ള ഊർജ സംഭരണ സംവിധാനങ്ങൾക്ക് വൻ വിലയാണ്. ഇതിനൊരു പരിഹാരമായാണ് ഗ്ലൂബക്‌സ് പാഴ്വസ്തുക്കളിൽ നിന്ന് സ്വന്തമായി പവർവാൾ നിർമിച്ചത്. മാലിന്യമായി തള്ളിയ 650-ഓളം ലാപ്ടോപ്പുകളിൽ നിന്ന് 18650 ലിഥിയം അയൺ സെല്ലുകൾ (Lithium-ion cells) വേർതിരിച്ചെടുത്തായിരുന്നു തുടക്കം. ഓരോ സെല്ലിന്റെയും കാര്യക്ഷമത പരിശോധിച്ച ശേഷം അവ 24 സോളാർ പാനലുകളുമായി ബന്ധിപ്പിച്ചു.
9 വർഷത്തെ വിജയഗാഥ
കഴിഞ്ഞ ഒമ്പത് വർഷമായി യാതൊരു തകരാറുമില്ലാതെ ഈ സംവിധാനം പ്രവർത്തിക്കുന്നുവെന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ലിഥിയം ബാറ്ററികൾക്ക് സാധാരണയായി തീപിടുത്ത സാധ്യതയുണ്ടെന്ന് പറയാറുണ്ടെങ്കിലും, കൃത്യമായ മുൻകരുതലുകൾ ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. ബാറ്ററികൾ അമിതമായി ചാർജ് ചെയ്യുന്നതും (Overcharge) പൂർണമായി ഡിസ്ചാർജ് ചെയ്യുന്നതും ഒഴിവാക്കുന്ന പ്രത്യേക രീതിയാണ് ബാറ്ററികളുടെ ആയുസ്സ് വർധിപ്പിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിച്ചത്.
ഇ-മാലിന്യത്തിന് പരിഹാരം
പുതിയ ബാറ്ററികൾക്കായി വൻ തുക മുടക്കുന്ന ക്ലീൻ-ടെക് (Clean-Tech) വ്യവസായത്തിന് ഇതൊരു തിരുത്തൽ കൂടിയാണ്. ലക്ഷക്കണക്കിന് ടൺ ഇ-മാലിന്യം ലോകമെമ്പാടും പുറന്തള്ളപ്പെടുമ്പോൾ, അവയിലെ ഊർജ സാധ്യതകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് മികച്ച മാതൃകയാണിത്. നിയമപരമായ സങ്കീർണതകൾ കാരണം സർക്കാർ സബ്‌സിഡികൾ ലഭിച്ചില്ലെങ്കിലും, പരിസ്ഥിതി സൗഹൃദമായ ഊർജ സ്വയംപര്യാപ്തത കൈവരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗ്ലൂബക്‌സിന്റെ പരീക്ഷണം വലിയൊരു പാഠപുസ്തകമാണ്.