ഇനിAI കണ്ണട! 3K വീഡിയോ എടുക്കാം; 12 MP ക്യാമറ; ഓക്ലി മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിലുമെത്തി
ന്യൂഡൽഹി: ഫാഷനും സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് ഓക്ലി മെറ്റാ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓക്ലിയുമായി സഹകരിച്ച് മെറ്റാ വികസിപ്പിച്ചെടുത്ത ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഗ്ലാസുകൾ, കഴിഞ്ഞ ജൂണിൽ ആഗോള വിപണിയിൽ പുറത്തിറക്കിയതിന് ശേഷം ഈ മാസം മുതൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തും. ഓക്ലിയുടെ പ്രശസ്തമായ HSTN ശൈലിയിലാണ് ഈ അത്യാധുനിക ഗ്ലാസുകൾ എത്തുന്നത്.
‘ഹേ മെറ്റാ’ എന്ന് പറഞ്ഞാൽ മതി, ഇനി ഫോൺ വേണ്ട!
ഈ സ്മാർട്ട് ഗ്ലാസുകളുടെ പ്രധാന ആകർഷണം ഇതിൽ സംയോജിപ്പിച്ച മെറ്റാ AI സാങ്കേതികവിദ്യയാണ്. ‘ഹേ മെറ്റാ’ എന്ന ലളിതമായ നിർദ്ദേശത്തിലൂടെ ഉപയോക്താക്കൾക്ക് അസിസ്റ്റന്റിനെ വിളിക്കാനും ഹാൻഡ്സ്ഫ്രീ ആയി കാര്യങ്ങൾ ചെയ്യാനും സാധിക്കും. കോളുകൾക്കും സംഗീതത്തിനുമായി ബിൽറ്റ്-ഇൻ ഓപൺ-ഇയർ സ്പീക്കറുകളും ഓഡിയോ റെക്കോർഡിങ്ങിനായി പെന്റാ-മൈക്രോഫോൺ അറേയും ഇതിലുണ്ട്.
12MP ക്യാമറയും 8 മണിക്കൂർ ബാറ്ററി ലൈഫും
റേബാൻ മെറ്റാ ഗ്ലാസുകളേക്കാൾ മെച്ചപ്പെടുത്തിയ 12 മെഗാപിക്സൽ ക്യാമറയാണ് ഓക്ലി മെറ്റാ ഗ്ലാസുകളിലുള്ളത്. സെക്കൻഡിൽ 30 ഫ്രെയിമുകളിൽ 3K റെസല്യൂഷനിലുള്ള പോയിന്റ്-ഓഫ്-വ്യൂ (PoV) വീഡിയോ റെക്കോർഡിങ് ഇതിലൂടെ സാധ്യമാകും. 100-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള ക്യാമറയ്ക്ക് 3024 x 4032 പിക്സൽ റെസല്യൂഷനിലുള്ള ചിത്രങ്ങൾ എടുക്കാനും ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ്-പേഴ്സൺ ലൈവ് സ്ട്രീമിങ് ചെയ്യാനും കഴിയും. 32 ജിബി ഓൺബോർഡ് സ്റ്റോറേജും, ഒറ്റ ചാർജിൽ എട്ട് മണിക്കൂർ വരെ ഉപയോഗം നൽകുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററിയും ഇതിന്റെ പ്രധാന സവിശേഷതകളാണ്.
വിലയും ലഭ്യതയും
ഓക്ക്ലി മെറ്റാ എച്ച്എസ്ടിഎൻ ഗ്ലാസുകളുടെ വില 41,800 രൂപ മുതലാണ് ആരംഭിക്കുന്നത്. പ്രിസം, പ്രിസം പോളറൈസ്ഡ്, ക്ലിയർ, ട്രാൻസിഷൻ ലെൻസുകൾ ഉൾപ്പെടെ വിവിധ വേരിയന്റുകൾ ലഭ്യമാണ്. രാജ്യത്തെ സൺഗ്ലാസ് ഹട്ടുകളിലും പ്രമുഖ ഐവെയർ റീട്ടെയിലർമാർ വഴിയും ഇവ വാങ്ങാം.