പശ്ചിമേഷ്യന്റ് സംഘര്ഷത്തിന് ഏക പരിഹാരം ഫലസ്തീന് രാഷ്ട്രം’; ലിയോ മാർപാപ്പ
ഇസ്താംബൂൾ: ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് അറുതിവരുത്താൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് ഏക പരിഹാരമെന്ന് ലിയോ മാർപാപ്പ. ലോകമെമ്പാടുമുള്ള സമാധാന കാംക്ഷികൾക്ക് ശക്തമായ സന്ദേശം നൽകിക്കൊണ്ട് തുർക്കി സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പോപ്പ് നിലപാട് വ്യക്തമാക്കിയത്.
‘ഇരുരാജ്യങ്ങൾക്കും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ, നീതിയുടെ അടിസ്ഥാനത്തിൽ ഒരു ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാക്കാതെ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ സാധിക്കില്ല. ഇക്കാര്യം ഇസ്രയേൽ അംഗീകരിക്കില്ലെന്ന് അറിയാം’-അദ്ദേഹം പറഞ്ഞു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും നിലനിൽക്കുന്ന രൂക്ഷമായ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് മാർപാപ്പ ലിയോ അഗാധമായ ആശങ്ക രേഖപ്പെടുത്തി.
ഞങ്ങളും ഇസ്രയേലും സുഹൃത്തുക്കളാണ്. പക്ഷേ, രണ്ടു കക്ഷികൾക്കും ഇടയിൽ സമവായത്തിൻ്റെ പാത സ്വീകരിച്ച് നീതിയുക്തമായ പരിഹാരം കാണാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരടക്കമുള്ള സാധാരണക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഹൃദയഭേദകമാണ്. നിരപരാധികളുടെ ജീവൻ ബലികൊടുക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സംഘർഷങ്ങൾ അവസാനിപ്പിച്ച്, സമാധാന ചർച്ചകൾ ഉടൻ പുനരാരംഭിക്കാൻ ഇരുപക്ഷത്തോടും പോപ്പ് ശക്തമായി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് നേരത്തെയും മാർപാപ്പ വ്യക്തമാക്കിയിരുന്നു. യുഎൻ പ്രമേയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഒരു പരിഹാരം കണ്ടെത്താൻ എല്ലാ രാജ്യങ്ങളും സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. വംശീയതയും വിദ്വേഷവും ഉപേക്ഷിച്ച് പരസ്പരം അംഗീകരിക്കാനും വിശ്വാസം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് ആദ്യം നടക്കേണ്ടത്.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ വത്തിക്കാൻ പൂർണമായി പിന്തുണയ്ക്കുന്നുണ്ട്.