ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ 55,000 കോടിയുടെ മുംബൈ – നാഗ്‌പൂർ എക്സ്പ്രസ് വേയിൽ കുഴികളും അപകട മരണങ്ങളും
മുംബൈ: മുംബൈ-നാഗ്‌പൂർ യാത്രാസമയം പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമിച്ച സമൃദ്ധി എക്‌സ്‌പ്രസ് വേ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽത്തന്നെ വിവാദത്തിൽ. 55,000 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഈ പാതയിൽ റോഡിന്റെ തകർച്ചയും വർധിച്ചുവരുന്ന അപകടമരണങ്ങളും യാത്രക്കാരിൽ ഭീതി വിതയ്ക്കുകയാണ്.
ഗുണനിലവാരത്തിലെ വീഴ്ചയും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തി അടിയന്തര പരിശോധന വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (എംഎസ്ആർഡിസി) നേതൃത്വത്തിൽ 2019 മുതൽ ഘട്ടംഘട്ടമായാണ് പാത തുറന്നുകൊടുത്തത്. അമനെ മുതൽ ഇഗത്പുരി വരെയുള്ള അവസാനത്തെ 76 കിലോമീറ്റർ പാത 2025 ജൂൺ 5-നാണ് ഗതാഗതത്തിനായി തുറന്നത്.
എന്നാൽ, ആഴ്ചകൾക്കുള്ളിൽത്തന്നെ ഷാപൂരിന് സമീപം പാലത്തിൽ ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. കനത്ത മഴയാണ് റോഡ് തകരാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കോൺക്രീറ്റ് പ്രതലത്തിന് മുകളിലിട്ട ടാർ ലെയർ ഇളകിപ്പോയതാണെന്നും അറ്റകുറ്റപ്പണികൾ നടത്തിയെന്നും എംഎസ്ആർഡിസി മാനേജിംഗ് ഡയറക്ടർ അനിൽ ഗെയ്ക്‌വാദ് അറിയിച്ചു.
എങ്കിലും, റോഡിന്റെ പല ഭാഗങ്ങളും മോശം അവസ്ഥയിലാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. ഛത്രപതി സംഭാജിനഗറിലും അമരാവതിയിലും മുൻപ് വിള്ളലുകൾ കണ്ടെത്തിയിരുന്നു. ആഡംബര കാറുകളിൽ പോലും 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയാത്തവിധം റോഡ് മോശമാണെന്നും ടയർ പൊട്ടുന്നത് പതിവാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.
അപകടങ്ങളുടെ കാര്യത്തിലും പാത മുന്നിലാണ്. സംസ്ഥാനത്തെ ഏറ്റവും അപകടകരമായ പാതയായി സമൃദ്ധി മാറിയിരിക്കുന്നു. 2025 ജനുവരി മുതൽ ഒക്ടോബർ വരെ മാത്രം 154 അപകടങ്ങളിലായി 128 പേരാണ് ഇവിടെ മരിച്ചത്. 2024-നെ അപേക്ഷിച്ച് മരണനിരക്കിൽ 12.4 ശതമാനം വർധനവുണ്ടായി.
അമിതവേഗത, ഡ്രൈവർമാർക്ക് ഉണ്ടാകുന്ന മയക്കം (ഹൈവേ ഹിപ്നോസിസ്), ടയർ പൊട്ടൽ എന്നിവയാണ് പ്രധാന അപകടകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഗതാഗതം 80 ശതമാനം വർധിച്ചതും ഗതാഗത നിയമലംഘനങ്ങളുമാണ് അപകടങ്ങൾ കൂടാൻ കാരണമെന്നാണ് അധികൃതരുടെ വാദം. അപകടങ്ങൾ കുറയ്ക്കുന്നതിനായി ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) 2026 ഏപ്രിലോടെ പൂർണ്ണമായും നടപ്പിലാക്കുമെന്ന് എംഎസ്ആർഡിസി അറിയിച്ചു.
എന്നാൽ, നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച പാതയിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് വിദഗ്ധരുടെ ആവശ്യം.