പുടിൻ ഇന്ത്യയിൽ, ഉറ്റുനോക്കി ലോകം; നിരവധി കരാറുകളിൽ ഒപ്പുവയ്ക്കും ഇന്ത്യ – റഷ്യ ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവാകും
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്നും നാളെയും ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഊന്നൽ നൽകുക. പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവും പുടിനൊപ്പമുണ്ട്. പ്രതിരോധം, ഊർജം, സാമ്പത്തികം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഈ സന്ദർശനത്തിൽ നടക്കും.
ഇന്നും നാളെയുമായി നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ വ്യാപാര ബന്ധം വിപുലീകരിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
നിലവിൽ ഇത് 68.7 ബില്യൺ ഡോളറാണ്. പാശ്ചാത്യ രാജ്യങ്ങളുടെ എതിർപ്പിനിടയിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടർന്നു വരികയാണ്. അമേരിക്കയുടെ ഭാഗത്ത് നിന്ന് നികുതി ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും റഷ്യയുമായുള്ള ബന്ധം തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം റഷ്യക്ക് വലിയൊരു വിപണി നൽകാനും ഇതിലൂടെ ഇന്ത്യക്ക് സാധിക്കുന്നു.
ശീതയുദ്ധകാലം മുതൽ ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ് റഷ്യ. ഇന്ത്യയുടെ സൈനിക ആവശ്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റുന്നത് റഷ്യയാണ്. ചൈന, പാകിസ്ഥാൻ അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ മിസൈൽ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ള പുതിയ ആയുധ കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചേക്കും.
ആഗോളതലത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടെങ്കിലും സ്വന്തം വിദേശനയത്തിൽ ഉറച്ചുനിൽക്കുന്ന ഇന്ത്യയുടെ നിലപാട് ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.