ആരോഗ്യമുള്ളവരാണെന്ന അമിതാത്മവിശ്വാസം വേണ്ട; യുവാക്കളിൽ കാൻസർ കൂടുന്നതിന്റെ കാരണങ്ങൾ ഇതാ
കാൻസർ പ്രായമായവരെ മാത്രം ബാധിക്കുന്ന രോഗമാണെന്ന ധാരണ മാറേണ്ട സമയമായെന്ന് ആരോഗ്യവിദഗ്ദ്ധർ. മുപ്പതുകളിലും അതിന് താഴെ പ്രായമുള്ളവരിലും കാൻസർ രോഗനിർണ്ണയം കുത്തനെ ഉയരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്ന് ഹൈദരാബാദ് അപ്പോളോ കാൻസർ സെന്ററിലെ സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ത്രിലോക് പ്രതാപ് സിംഗ് ഭണ്ഡാരി മുന്നറിയിപ്പ് നൽകുന്നു.
തന്റെ 25 വർഷത്തെ അനുഭവസമ്പത്ത് മുൻനിർത്തിയാണ് ഡോക്ടർ ഈ ആശങ്ക പങ്കുവെക്കുന്നത്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന കാൻസർ ഭീഷണിയെക്കുറിച്ചുള്ള പ്രധാന കാര്യങ്ങൾ ഇവയാണ്:
- ‘എനിക്ക് രോഗം വരില്ല’ എന്ന അമിതവിശ്വാസം:
പണ്ടുകാലങ്ങളിൽ 50-60 വയസ്സിന് മുകളിലുള്ളവരായിരുന്നു ചികിത്സ തേടിയെത്തിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതി മാറി. പുറമെ ആരോഗ്യമുള്ളവരെന്ന് തോന്നിക്കുന്ന, ജിമ്മിൽ പോകുന്ന, ആക്ടീവായ യുവാക്കൾ പോലും രോഗബാധിതരാകുന്നു. “ഞാൻ ഫിറ്റാണ്, എനിക്ക് ഇതൊന്നും വരില്ല” എന്ന ചിന്താഗതി കാരണം പലരും ലക്ഷണങ്ങളെ അവഗണിക്കുകയും രോഗനിർണ്ണയം വൈകിപ്പിക്കുകയും ചെയ്യുന്നു. - സ്തനാർബുദം വർദ്ധിക്കുന്നു:
ഇന്ത്യയിലെ മൊത്തം സ്തനാർബുദ രോഗികളിൽ 20 ശതമാനം പേരും ഇപ്പോൾ ആർത്തവവിരാമത്തിന് (Menopause) മുൻപുള്ള പ്രായത്തിലുള്ളവരാണ്. തൊഴിൽപരമായ സമ്മർദ്ദം, വൈകിയുള്ള പ്രസവം, മുലയൂട്ടൽ കുറയുന്നത്, വ്യായാമമില്ലായ്മ എന്നിവയാണ് യുവതികളിലെ സ്തനാർബുദ വർദ്ധനവിന് പ്രധാന കാരണങ്ങൾ. - പൈൽസ് അല്ല, അത് കാൻസറാകാം:
യുവാക്കളിൽ വൻകുടൽ (Colorectal) കാൻസർ വർദ്ധിച്ചുവരികയാണ്. ഇതിന്റെ ലക്ഷണങ്ങളായ മലത്തിലൂടെ രക്തം പോകുക, പെട്ടെന്ന് ഭാരം കുറയുക എന്നിവയെ പലരും ‘പൈൽസ്’ (മൂലക്കുരു) ആണെന്ന് തെറ്റിദ്ധരിച്ച് സ്വയം ചികിത്സ നടത്താറുണ്ട്. ഇത് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു. - ജീവിതശൈലിയിലെ മാറ്റങ്ങൾ:
നാരുകൾ അടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങളിൽ നിന്ന് മാറി, സംസ്കരിച്ച മാംസം (Processed Meat), പഞ്ചസാര, ഫാസ്റ്റ് ഫുഡ് എന്നിവയുടെ അമിത ഉപയോഗം യുവാക്കളെ അപകടത്തിലാക്കുന്നു. ഉറക്കമില്ലായ്മയും അമിതവണ്ണവും കാൻസർ സാധ്യത ഇരട്ടിയാക്കുന്നു.
ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഗൗരവമായി കാണണമെന്നും, കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് പരിശോധനകൾ നടത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.