28/03/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രിക്ക് ഒമാനിൽ രാജകീയ വരവേൽപ്പ്

 പ്രധാനമന്ത്രിക്ക് ഒമാനിൽ രാജകീയ വരവേൽപ്പ്

മസ്കത്ത്: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്കത്തിൽ ആവേശോജ്ജ്വലമായ വരവേൽപ്പ്. ബുധനാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് നേരിട്ടെത്തി സ്വീകരിച്ചു. ജോർദാൻ, എത്യോപ്യ സന്ദർശനങ്ങൾ പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്.

വിമാനത്താവളത്തിൽ ഇരുരാജ്യങ്ങളുടെയും ദേശീയഗാനം ആലപിക്കുകയും സായുധസേന ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്ക് ശേഷം ഉപപ്രധാനമന്ത്രി അദ്ദേഹത്തെ വിഐപി പോഡിയത്തിലേക്ക് ആനയിച്ചു. തുടർന്ന് താമസസ്ഥലമായ ഹോട്ടലിലെത്തിയ പ്രധാനമന്ത്രിക്ക് ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ഉജ്ജ്വലമായ സ്വീകരണമാണ് ഒരുക്കിയത്. നൂറുകണക്കിന് പ്രവാസികൾ ഇന്ത്യൻ പതാകകളേന്തി മോദി മോദി വിളികളുമായും ഭാരത് മാതാ കീ ജയ്, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങളുമായും തങ്ങളുടെ പ്രിയ നേതാവിനെ എതിരേറ്റു.

സ്വീകരണത്തിന്റെ ഭാഗമായി പ്രവാസികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. കുച്ചിപ്പുടി, കഥക് തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങൾക്കൊപ്പം രാജസ്ഥാനിലെ ഗോമർ, കർണാടകയിലെ യക്ഷഗാനം തുടങ്ങിയ നാടൻ കലാരൂപങ്ങളും അരങ്ങേറി. ഒമാന്റെ പരമ്പരാഗത നൃത്തങ്ങളും ഗുജറാത്തി ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്ദർശനം എന്നത് ഏറെ ശ്രദ്ധേയമാണ്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മസ്കത്തിലെത്തിയത്.

വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷാ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അന്തിമമാക്കുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഒമാൻ ഇന്ത്യയുമായി ദീർഘകാല ചരിത്രവും ഹൃദ്യബന്ധവുമുള്ള രാജ്യമാണെന്നും ഈ സന്ദർശനം പുതിയ സഹകരണ മേഖലകൾ തുറക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇന്ന് സുൽത്താൻ ഹൈതം ബിൻ താരിഖുമായി നരേന്ദ്ര മോദി നിർണ്ണായക കൂടിക്കാഴ്ച നടത്തും. ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുന്നതിനൊപ്പം പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

Also read: