26/01/2026

നിർമിത ബുദ്ധി വികസനത്തിൽ സൗദിക്ക് ലോകത്ത് മൂന്നാം സ്ഥാനം; സ്ത്രീ പങ്കാളിത്തത്തിൽ ഒന്നാമത്

 നിർമിത ബുദ്ധി വികസനത്തിൽ സൗദിക്ക് ലോകത്ത് മൂന്നാം സ്ഥാനം; സ്ത്രീ പങ്കാളിത്തത്തിൽ ഒന്നാമത്

റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എ.ഐ) വികസനത്തിൽ സൗദി അറേബ്യക്ക് ആഗോളതലത്തിൽ മൂന്നാം സ്ഥാനം. സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ സെന്റേർഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ 2025-ലെ എ.ഐ ഇൻഡക്സ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാങ്കേതികവിദ്യാ രംഗത്തെ വൻശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലായാണ് സൗദിയുടെ ഈ കുതിപ്പ്. എ.ഐ മോഡലുകളുടെ പ്രവർത്തനം, ഗവേഷണം, തൊഴിൽ വളർച്ച തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് 36 രാജ്യങ്ങളെ ഉൾപ്പെടുത്തി ഈ റാങ്കിംഗ് തയ്യാറാക്കിയത്.

റിപ്പോർട്ട് പ്രകാരം എ.ഐ അനുബന്ധ തൊഴിലവസരങ്ങളുടെ വളർച്ചയിൽ സൗദി മൂന്നാം സ്ഥാനത്താണ്. 28.7 ശതമാനമാണ് ഈ മേഖലയിലെ തൊഴിൽ വളർച്ചാനിരക്ക്. ഭാഷാ മോഡലുകളുടെ വികസനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് രാജ്യം. അറബി ഭാഷയിൽ പ്രവർത്തിക്കുന്ന ജനറേറ്റീവ് എ.ഐ സംവിധാനമായ ‘അലാം’ (ALLaM) ഇതിനൊരു ഉദാഹരണമാണ്. നിർമിത ബുദ്ധി മേഖലയിലെ സ്ത്രീപങ്കാളിത്തത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാം സ്ഥാനത്താണെന്നത് മറ്റൊരു സുപ്രധാന നേട്ടമാണ്. ലിങ്ക്ഡ്ഇൻ കണക്കുകൾ പ്രകാരം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഈ മേഖലയിൽ നൈപുണ്യം നേടിയിരിക്കുന്നത്.

എണ്ണ ഇതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വിഷൻ 2030 പദ്ധതിയുടെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ (SDAIA) നേതൃത്വത്തിൽ വൻ നിക്ഷേപമാണ് ഈ രംഗത്ത് നടത്തുന്നത്. പ്രൊജക്റ്റ് ട്രാൻസെൻഡൻസ് എന്ന പദ്ധതിയിലൂടെ നൂറ് ബില്യൺ ഡോളറിന്റെ നിക്ഷേപം എ.ഐ ആവാസവ്യവസ്ഥയ്ക്കായി വകയിരുത്തിയിട്ടുണ്ട്. ഗൂഗിൾ, വാവെയ് തുടങ്ങിയ ആഗോള കമ്പനികളുമായുള്ള സഹകരണവും ഈ വളർച്ചയ്ക്ക് ആക്കം കൂട്ടി. 2030-ഓടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 135 ബില്യൺ ഡോളറിന്റെ വർധനവ് എ.ഐയിലൂടെ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.

Also read: