ആരതിയുഴിഞ്ഞ്, ശിവലിംഗത്തിൽ പാലഭിഷേകം നടത്തി, ‘ഓം നമഃ ശിവായ’ മന്ത്രം ഉരുവിട്ട് മെസ്സി; അംബാനിയുടെ ‘വന്‍താര’യിലെ സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
ജാംനഗർ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യൻ സന്ദർശനം ലോകശ്രദ്ധയാകർഷിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി പുനരധിവാസ കേന്ദ്രമായ ‘വന്‍താര’ സന്ദർശിച്ച മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
അനന്ത് അംബാനി, രാധിക മർച്ചന്റ് എന്നിവരുടെ പ്രത്യേക ക്ഷണപ്രകാരമാണ് മെസ്സി ‘വന്‍താര’യിലെത്തിയത്. തന്റെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു.
ഭക്തിസാന്ദ്രമായ നിമിഷങ്ങൾ
പരമ്പരാഗത ശൈലിയിലുള്ള സ്വീകരണത്തിന് ശേഷം നടന്ന ‘മഹാ ആരതി’യിൽ മെസ്സിയും സുഹൃത്തുക്കളും പങ്കെടുത്തു. വന്താരയിലെ ശിവലിംഗത്തിൽ പാലഭിഷേകം നടത്തിയ താരം ‘ഓം നമഃ ശിവായ’ മന്ത്രം ഉരുവിട്ടത് ആരാധകരെ അത്ഭുതപ്പെടുത്തി. തേങ്ങ സമർപ്പിക്കുന്ന ‘നാരിയൽ ഉത്സർഗ്’, ‘മട്ക ഫോഡ്’ തുടങ്ങിയ ഭാരതീയ ചടങ്ങുകളിലും മെസ്സി സജീവമായി പങ്കാളിയായി.
മൃഗങ്ങളോടുള്ള സ്നേഹം
‘വന്‍താര’യിലെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ മെസ്സി പ്രശംസിച്ചു. മൃഗങ്ങളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. “ഈ അനുഭവം എന്നും മനസ്സിൽ നിലനിൽക്കും” എന്നാണ് സന്ദർശനത്തിന് ശേഷം മെസ്സി സ്പാനിഷ് ഭാഷയിൽ പ്രതികരിച്ചത്.
അർജന്റീനൻ താരങ്ങൾ ഇന്ത്യൻ ആചാരങ്ങളിൽ പങ്കുചേരുന്ന ദൃശ്യങ്ങൾ കായിക ലോകത്തിന് അപ്പുറം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ലയണൽ മെസ്സിയുടെ ഈ സന്ദർശനം വന്താരയുടെ ആഗോള പ്രശസ്തി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.