02/04/2026
[fontresizer_tawhidurrahmandear_widget]

ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലെങ്കിലും ചികിത്സ നിഷേധിക്കാനാവില്ല; ദുബൈയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഈ നിയമം

 ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലെങ്കിലും ചികിത്സ നിഷേധിക്കാനാവില്ല; ദുബൈയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി ഈ നിയമം

ദുബൈ: ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിന്റെ പേരിലോ, ഇന്‍ഷുറന്‍സ് കാര്‍ഡിലെ നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടാത്തതിന്റെ പേരിലോ രോഗികള്‍ക്ക് അടിയന്തര ചികിത്സ(Emergency Treatment) നിഷേധിക്കാന്‍ ആശുപത്രികള്‍ക്ക് അവകാശമില്ലെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ദുബൈയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിലെ ഈ വ്യവസ്ഥകള്‍.

നിയമം പറയുന്നത് എന്ത്?
2013-ലെ ദുബൈ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 13(2), 15(7) എന്നിവ പ്രകാരം, ജീവന് ഭീഷണിയുള്ള അടിയന്തര സാഹചര്യങ്ങളില്‍ രോഗിയെ ചികിത്സിക്കാന്‍ ആശുപത്രികള്‍ ബാധ്യസ്ഥരാണ്. രോഗിയുടെ കൈവശം ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലെങ്കിലോ, അല്ലെങ്കില്‍ ചികിത്സ തേടിയെത്തിയ ആശുപത്രി രോഗിയുടെ ഇന്‍ഷുറന്‍സ് നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടാത്തതാണെങ്കിലോ ചികിത്സ നിഷേധിക്കാന്‍ പാടില്ല.

ചെലവ് ആര് വഹിക്കും?
നെറ്റ്വര്‍ക്കില്‍ ഇല്ലാത്ത ആശുപത്രിയാണെങ്കില്‍ പോലും, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സാ ചെലവ് വഹിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. രോഗിയുടെ നില ഗുരുതരാവസ്ഥയില്‍നിന്ന് മാറി, ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നത് വരെയുള്ള ചികിത്സാ ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം.

പരാതിപ്പെടാം
ഏതെങ്കിലും ആശുപത്രി അടിയന്തര ചികിത്സ നിഷേധിക്കുകയാണെങ്കില്‍ രോഗിയുടെ ബന്ധുക്കള്‍ക്ക് ദുബൈ ഹെല്‍ത്ത് അതോറിറ്റിയെ(DHA) സമീപിച്ച് പരാതി നല്‍കാം. അടിയന്തര ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങളുടെ പേരില്‍ ചികിത്സ വൈകിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികള്‍ക്ക് ഈ നിയമത്തെക്കുറിച്ചുള്ള അറിവ് ഗുണകരമാകും.

Also read: