വിമാനം 2,200 അടിയിലേക്ക് താഴണമെന്ന് എയർ ട്രാഫിക് കൺട്രോളർ; യാത്രക്കാരുടെ ജീവൻ പണയം വെച്ച് കളിയില്ലെന്ന് പൈലറ്റ്, മസ്കത്ത് ആകാശത്ത് നാടകീയ നിമിഷങ്ങൾ
മസ്കത്ത്: വിമാനത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി ടർക്കിഷ് എയർലൈൻസ് പൈലറ്റ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് ഒരുങ്ങുന്നതിനിടെ എയർ ട്രാഫിക് കൺട്രോളർ (ATC) നൽകിയ നിർദ്ദേശം, സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് നിരസിച്ചു. ഇസ്താംബൂളിൽ നിന്ന് മസ്കത്തിലേക്ക് വന്ന ടർക്കിഷ് എയർലൈൻസിന്റെ എയർബസ് A321 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവം ഇങ്ങനെ:
ലാൻഡിംഗിന് മുന്നോടിയായി വിമാനം 2,200 അടിയിലേക്ക് താഴ്ത്തി പറത്താൻ മസ്കത്ത് എടിസി പൈലറ്റിനോട് ആവശ്യപ്പെട്ടു. എന്നാൽ, ആ പ്രദേശത്തെ ഭൂപ്രകൃതിയും തങ്ങളുടെ കമ്പനിയുടെ ‘മിനിമം സെക്ടർ ആൾട്ടിറ്റ്യൂഡ്’ (Minimum Sector Altitude) ചാർട്ടുകളും പ്രകാരം ഇത്രയും താഴ്ന്നു പറക്കുന്നത് അപകടകരമാണെന്ന് പൈലറ്റ് വ്യക്തമാക്കി.
3,000 അടിക്ക് താഴെ പറക്കാൻ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചെങ്കിലും, 2,200 അടിയിലേക്ക് താഴാൻ എടിസി വീണ്ടും നിർബന്ധിക്കുകയായിരുന്നു.
ഇതോടെയാണ് പൈലറ്റ് നിലപാട് കടുപ്പിച്ചത്. “ഞാൻ നിങ്ങളുടെ ഉത്തരവുകളല്ല, കമ്പനിയുടെ നടപടിക്രമങ്ങളാണ് (Procedures) പാലിക്കുന്നത്,” എന്ന് പൈലറ്റ് തുറന്നടിച്ചു. വിമാനത്തിന്റെ അന്തിമ സുരക്ഷാ ഉത്തരവാദിത്തം ‘പൈലറ്റ് ഇൻ കമാൻഡി’നാണെന്നും (Pilot in Command), എടിസിയുടെ നിർദ്ദേശം സുരക്ഷിതമല്ലെങ്കിൽ അത് നിരസിക്കാൻ പൈലറ്റിന് അധികാരമുണ്ടെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
എടിസിയുമായുള്ള തർക്കത്തിന് ഒടുവിൽ സുരക്ഷിതമായ ഉയരത്തിൽ തന്നെ തുടർന്ന് പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇതിന്റെ ഓഡിയോ റെക്കോർഡിംഗുകൾ പുറത്തുവന്നതോടെ പൈലറ്റിന്റെ കൃത്യസമയത്തെ ഇടപെടലിനെയും ധീരമായ തീരുമാനത്തെയും പ്രശംസിച്ച് വ്യോമയാന വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പൈലറ്റ് മുൻഗണന നൽകിയതെന്ന് ഏവിയേഷൻ ലോകം വിലയിരുത്തുന്നു.