29/03/2026
[fontresizer_tawhidurrahmandear_widget]

ദേശീയദിനാഘോഷം; 1,435 പേരുടെ 475 ദശലക്ഷം ദിർഹം കടങ്ങൾ എഴുതിത്തള്ളി യുഎഇ

 ദേശീയദിനാഘോഷം; 1,435 പേരുടെ 475 ദശലക്ഷം ദിർഹം കടങ്ങൾ എഴുതിത്തള്ളി യുഎഇ

അബുദാബി: യുഎഇയിലെ 1,435 എമിറാത്തി പൗരന്മാരുടെ 475.154 ദശലക്ഷം ദിർഹത്തിലധികം വരുന്ന കടങ്ങൾ എഴുതിത്തള്ളി. യുഎഇയുടെ ഡിഫോൾട്ടഡ് ഡെറ്റ്‌സ് സെറ്റിൽമെന്റ് ഫണ്ടാണ് 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് നടപടി സ്വീകരിച്ചത്.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് സുപ്രധാനമായ നീക്കം. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പൗരന്മാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക, അവരുടെ ക്ഷേമം ഉറപ്പാക്കുക, കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുക എന്നിവയാണ് നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ ജീവിതസമ്മർദ്ദം കുറച്ച് സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാൻ സഹായിക്കുന്നതിനാണ് സംരംഭം. മാനുഷിക, മെഡിക്കൽ കേസുകൾ, താഴ്ന്ന വരുമാനക്കാർ, മരിച്ചവർ, വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് പ്രധാനമായും ഇളവുകൾ ലഭിച്ചിരിക്കുന്നത്.

ദേശീയ ദിനത്തോടനുബന്ധിച്ച് ഈ പ്രഖ്യാപനം വന്നത് ആഘോഷങ്ങൾക്ക് കൂടുതൽ തിളക്കം നൽകി. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ഗ്രൂപ്പ്, എമിറേറ്റ്‌സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക് അടക്കം 19 ബാങ്കുകളും സ്ഥാപനങ്ങളും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.

Also read: