27/01/2026

വീണ്ടും സെഞ്ച്വറി വൈഭവം; ചരിത്രം തിരുത്തി 14കാരന്‍ വൈഭവ് സൂര്യവംശി

 വീണ്ടും സെഞ്ച്വറി വൈഭവം; ചരിത്രം തിരുത്തി 14കാരന്‍ വൈഭവ് സൂര്യവംശി

കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റെക്കോർഡ് നേട്ടവുമായി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി. ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നലെ നടന്ന മത്സരത്തിലാണ് ഈ കൗമാരതാരം ആഭ്യന്തര ക്രിക്കറ്റിലെ തൻ്റെ കന്നി ടി20 സെഞ്ച്വറി സ്വന്തമാക്കി ശ്രദ്ധേയനായത്.

പ്രിഥ്വി ഷായുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയ്‌ക്കെതിരെയായിരുന്നു വൈഭവിൻ്റെ അവിശ്വസനീയ പ്രകടനം. സ്വാഭാവിക സ്‌ട്രോക്ക് പ്ലേയ്ക്ക് കാര്യമായ പിന്തുണ നൽകാത്ത പിച്ചിൽ, വെറും 57 പന്തിലാണ് താരം സെഞ്ച്വറി തികച്ചത്.

തകർപ്പൻ പ്രകടനം, നിർണായക കൂട്ടുകെട്ട്
61 പന്തിൽ ഏഴുവീതം സിക്‌സറും ഫോറുമടക്കം പുറത്താകാതെ 108 റൺസ് നേടിയ വൈഭവിൻ്റെ തകർപ്പൻ ഇന്നിങ്‌സാണ് ബിഹാർ ടീമിന് കരുത്തായത്. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന മികച്ച സ്‌കോറിലേക്ക് ടീമിനെ നയിച്ചത് വൈഭവിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ടീം സ്കോറിൻ്റെ പകുതിയിലധികം റൺസും താരത്തിൻ്റെ ബാറ്റിൽ നിന്നായിരുന്നു.

ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ഓപണർമാരെ നഷ്ടമായ ശേഷം ക്രീസിലെത്തിയ വൈഭവ്, 37 പന്തിൽ അർധസെഞ്ച്വറി പിന്നിട്ടു. തുടർന്ന് ആകാശ് രാജുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 70 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. സ്പിന്നർമാരെ കരുതലോടെ നേരിട്ട അദ്ദേഹം, പിച്ചിൻ്റെ വേഗത കൃത്യമായി തിരിച്ചറിഞ്ഞാണ് ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

15 വയസ്സിനു മുമ്പ് മൂന്ന് സെഞ്ച്വറികൾ
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിച്ചിട്ടുള്ള വൈഭവ് സൂര്യവംശിക്ക്, 15 വയസ്സ് തികയും മുമ്പ് ഇത് മൂന്നാമത്തെ ടി20 സെഞ്ച്വറിയാണ്. നേരത്തെ റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇയ്‌ക്കെതിരെ 32 പന്തിൽ സെഞ്ച്വറി ഉൾപ്പെടെ 239 റൺസ് നേടി യുവതാരം തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

Also read: