എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ട് കോടതി
ആലപ്പുഴ: ചെങ്ങന്നൂർ വിശാൽ വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 19 പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
13 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് നിർണ്ണായകമായ വിധി വന്നത്. 2012 ജൂലൈ 16നായിരുന്നു ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ എബിവിപി നേതാവായിരുന്ന വിശാൽ കൊല്ലപ്പെട്ടത്. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമാസക്തമായ സംഘട്ടനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാൽ തൊട്ടടുത്ത ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ മറ്റ് രണ്ട് എബിവിപി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. കൃത്യമായ തെളിവുകളും സാക്ഷികളെയും ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിചാരണ വേളയിൽ സാക്ഷികളായ മറ്റ് വിദ്യാർത്ഥി സംഘടനകളിലെ പ്രവർത്തകർ മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരെയാണ് പ്രതി ചേർത്തിരുന്നത്. ഇതിൽ 19 പേരുടെ വിധിയാണ് ഇന്ന് പുറത്തുവന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 12 പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് കോടതി ഇപ്പോൾ കുറ്റവിമുക്തരാക്കിയിരിക്കുന്നത്.