പുടിന്റെ വരവിൽ താരമായി ഔദ്യോഗിക വാഹനം; രഹസ്യങ്ങൾ ഒളിപ്പിച്ച ഔറസ് സെനറ്റിനെ അറിയാം
ന്യൂഡൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ദ്വിദിന ഇന്ത്യാ സന്ദർശനത്തെ ലോകം ഉറ്റുനോക്കുമ്പോൾ, വാഹന പ്രേമികൾ ഉറ്റുനോക്കുന്നത് അദ്ദേഹം ന്യൂഡൽഹിയിൽ വിമാനമിറങ്ങും മുമ്പേ രാജ്യത്തെത്തിയ അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കൊപ്പം തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ് പുടിന്റെ അത്യാധുനിക സുരക്ഷാ വാഹനമായ ‘ഔറസ് സെനറ്റ്’ ലിമോസിൻ.
സുരക്ഷാ വിദഗ്ധർ ‘ചക്രങ്ങളുള്ള കോട്ട’ (Fortress on wheels) എന്ന് വിശേഷിപ്പിക്കുന്ന ഈ വാഹനം, കേവലം ഒരു യാത്രാ ഉപാധി എന്നതിലുപരി റഷ്യയുടെ സാങ്കേതിക തികവിന്റെയും അഭിമാനത്തിന്റെയും പ്രതീകം കൂടിയാണ്. പുടിൻ ലോകത്തെവിടെ യാത്ര ചെയ്യുമ്പോഴും, അദ്ദേഹത്തിനു വേണ്ടി ഈ വാഹനം പ്രത്യേക വിമാനത്തിൽ അവിടെ എത്തിക്കുകയാണ് പതിവ്. ഇന്ത്യയിലും പതിവ് തെറ്റിച്ചില്ല.
റഷ്യൻ നിർമ്മിത കരുത്ത്
2018 വരെ ഉപയോഗിച്ചിരുന്ന മെഴ്സിഡസ് ബെൻസ് എസ്-600 പുൾമാൻ ഗാർഡ് ആയിരുന്നു പുടിന്റെ വാഹനം. അതിനു പകരമായാണ് റഷ്യയിൽ തന്നെ നിർമിച്ച ഔറസ് സെനറ്റിലേക്ക് പുടിൻ യാത്ര മാറ്റിയത്. വിദേശ വാഹനങ്ങളെ ആശ്രയിക്കാതെ, പൂർണ്ണമായും റഷ്യയിൽ നിർമ്മിച്ച ഒരു വാഹനം വേണമെന്ന പുടിന്റെ നിർദ്ദേശപ്രകാരം ‘കോർട്ടെഷ്’ എന്ന രഹസ്യ പദ്ധതിയിലൂടെ വികസിപ്പിച്ചതാണ് ഈ വാഹനം. റഷ്യൻ ഓട്ടോമൊബൈൽ ആൻഡ് എൻജിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NAMI) ആണ് നിർമ്മാതാക്കൾ. “റോൾസ് റോയ്സിനുള്ള റഷ്യയുടെ മറുപടി” എന്നാണ് പുടിൻ ഇതിനെ വിശേഷിപ്പിച്ചത്.
സവിശേഷതകൾ
ഏകദേശം 7 ടൺ ഭാരവും 7 മീറ്റർ നീളവുമുള്ള ഔറസ് സെനറ്റ് അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാൽ സമ്പന്നമാണ്. ഗ്രനേഡ് ആക്രമണങ്ങളെയും വെടിയുണ്ടകളെയും ചെറുക്കാൻ ശേഷിയുള്ള 7 എംഎം ഘനമുള്ള ബോഡി, സ്നൈപ്പർ ആക്രമണങ്ങളെയും രാസായുധ പ്രയോഗങ്ങളെയും വരെ പ്രതിരോധിക്കുന്ന 50 എംഎം കട്ടിയുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ, പഞ്ചറായാലും സഞ്ചരിക്കാൻ സാധിക്കുന്ന സോളിഡ് റബർ ടയറുകൾ, 598 കുതിരശക്തി നൽകുന്ന 4.4 ലിറ്റർ ട്വിൻ-ടർബോ വി8 എഞ്ചിൻ ഇതൊക്കെയാണ് കാറിന്റെ പ്രധാന സവിശേഷതകൾ. ടിയർ ഗ്യാസ് ലോഞ്ചറുകൾ, അടിയന്തിര രക്ഷപ്പെടലിനുള്ള എമർജൻസി എക്സിറ്റ്, തോക്കുകൾ എന്നിവയും ഇതിൽ രഹസ്യമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു സാധാരണ എസ്‍യുവിയുടെ അഞ്ചിരട്ടിയിലേറെ ഭാരമുണ്ടെങ്കിലും, വെറും 6 സെക്കൻഡുകൾക്കുള്ളിൽ 0 ൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും.
നയതന്ത്രത്തിലെ താരം
പുടിന്റെ വിദേശയാത്രകളിൽ ഈ വാഹനം പലപ്പോഴും നയതന്ത്ര ചർച്ചകൾക്കുള്ള വേദിയാകാറുണ്ട്. 2025 സെപ്റ്റംബറിൽ ചൈനയിൽ നടന്ന യൂറേഷ്യൻ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ ഈ കാറിനുള്ളിൽ വെച്ച് 45 മിനിറ്റോളം സ്വകാര്യ ചർച്ച നടത്തിയിരുന്നു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് പുടിൻ ഔറസ് സെനറ്റ് സമ്മാനമായി നൽകിയതും വലിയ വാർത്തയായിരുന്നു.
പുടിൻ എത്തുന്നതിന് ദിവസങ്ങൾക്ക് മുൻപേ പ്രത്യേക സൈനിക വിമാനത്തിൽ (Ilyushin Il-76) ഈ വാഹനങ്ങൾ സന്ദർശന സ്ഥലത്ത് എത്തിക്കും. ഒരേപോലെയുള്ള 15 കാറുകളുടെ വ്യൂഹമായാണ് പുടിൻ സഞ്ചരിക്കുക എന്നതിനാൽ, അദ്ദേഹം ഏത് വാഹനത്തിലാണ് ഉള്ളതെന്ന് തിരിച്ചറിയുക അസാധ്യമാണ്.
ഡൽഹിയിലെ നിരത്തുകളിൽ ഈ കറുത്ത ഭീമൻ വാഹനം ഓടുമ്പോൾ, അത് റഷ്യയുടെ സുരക്ഷാ കരുത്തിന്റെ കൂടി വിളംബരമാവുകയാണ്.