സ്വന്തം സമ്പത്ത് വിറ്റ് വിദ്യാലയങ്ങള്‍ പണിത ദീര്‍ഘദര്‍ശി; അബ്ദുല്‍ ബാരി മുസ്ലിയാര്‍ എന്ന സാമൂഹിക പരിഷ്‌കര്‍ത്താവ്
അബ്ദുല്‍ ബാരി മുസ്ലിയാര്‍ താമസിച്ച വീട്
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ ഇടമുള്ള പണ്ഡിതപ്രതിഭയാണ് മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍. മതപണ്ഡിതന്‍ എന്നതിലുപരി, വിദ്യാഭ്യാസ പ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തനും കൂടിയായിരുന്നു അദ്ദേഹം. സ്വന്തം സമ്പത്തും ജീവിതവും സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവച്ച അദ്ദേഹത്തിന്റെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ ചരിത്രത്തിലെ തന്നെ സവിശേഷ അധ്യായമാണ്.
ജനനവും പഠനവും
മലപ്പുറം ജില്ലയിലെ വളക്കുളത്ത് സൂഫിവര്യനായ കുളമ്പില്‍ ഖാജ അഹമ്മദ് എന്ന കോയാമുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടേയും മകനായി 1880-ലാണ് (ഹിജ്റ 1298 ജുമാദുല്‍ ആഖിര്‍ 22) അബ്ദുല്‍ ബാരി മുസ്ലിയാര്‍ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍ നിന്ന് തന്നെ നേടി. തുടര്‍ന്ന് നാദാപുരം, തിരൂരങ്ങാടി, തലക്കടത്തൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ ദര്‍സുകളില്‍ പഠനം നടത്തി. അഹ്മദ് ശിാസി, കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാര്‍, വടക്കന്‍ മുഹമ്മദ് മുസ്ലിയാര്‍, ചെറിയ അവറാന്‍കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍.
തുടര്‍ന്ന് ഉപരിപഠനത്തിനായി 1316-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ ചേര്‍ന്നു. ഷാഹ് അബ്ദുല്‍ വഹാബ് ബാനി ഹസ്രത്ത് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ കീഴില്‍ അഞ്ചു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി 1321-ല്‍ ബിരുദം നേടി. മലബാറിലെ ആദ്യകാല ബാഖവി ബിരുദധാരികളില്‍ ഒരാളായിരുന്നു അദ്ദേഹം.
അധ്യാപനവും സേവനങ്ങളും
കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്രിയ്യയിലായിരുന്നു അധ്യാപന ജീവിതത്തിന്റെ തുടക്കം. പിന്നീട് അയ്യിയ, താനാളൂര്‍, വളവന്നൂര്‍, കല്‍പകഞ്ചേരി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. 1921-ന് ശേഷം നാല് പതിറ്റാണ്ടോളം പുതുപ്പറമ്പിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചത്. കേവലം അധ്യാപനത്തിനപ്പുറം സ്വന്തം ചിലവില്‍ ‘മൗലവിയ്യ’ അറബിക് കോളേജ്, മസ്ജിദുല്‍ ബാരി, കുടുംബഖാന എന്നിവ സ്ഥാപിച്ചു.
സമസ്തയുടെ അമരത്തേക്ക്
സമസ്തയുടെ രൂപീകരണത്തില്‍ നിര്‍ണായകമായൊരു പശ്ചാത്തലമുണ്ട്. സമസ്ത രൂപീകരണ ചര്‍ച്ചയുമായി വളക്കുളത്ത് പിതാവ് കോയാമുട്ടി മുസ്ലിയാരെ കാണാനെത്തിയ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരോട്, പ്രായാധിക്യം കാരണം തനിക്ക് വരാനാകില്ലെന്നും പകരം ‘നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എന്റെ മുഹമ്മദിനെ (അബ്ദുല്‍ ബാരി മുസ്ലിയാര്‍) തരാം’ എന്നും പിതാവ് പറയുകയുണ്ടായി. പിതാവിന്റെ ഈ സമര്‍പ്പണമാണ് അദ്ദേഹത്തെ സമസ്തയുടെ നെടുംതൂണാക്കി മാറ്റിയത്.
1926-ല്‍ സമസ്ത രൂപീകരിച്ചപ്പോള്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 1945-ല്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരുടെ വിയോഗശേഷം പ്രസിഡന്റ് പദവിയിലെത്തി. മരണം വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സമസ്തയുടെ രജിസ്‌ട്രേഷന്‍ ഫീസ് സ്വന്തം കൈയ്യില്‍ നിന്നാണ് അദ്ദേഹം നല്‍കിയത്. വിദ്യാഭ്യാസ ബോര്‍ഡിന്റെ ആദ്യ മദ്‌റസയായ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം സ്ഥാപിച്ചതും അദ്ദേഹമായിരുന്നു.
സ്വാതന്ത്ര്യബോധവും ദീര്‍ഘവീക്ഷണവും
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനത്തിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. 1921-ല്‍ ഈറോഡില്‍ നടന്ന മജ്‌ലിസുല്‍ ഉലമാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. എന്നാല്‍, ആവേശത്തിനപ്പുറം പ്രായോഗികമായ ദീര്‍ഘവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ സാഹചര്യങ്ങളെയും ഭാവിയെയും കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നതിനാല്‍, അന്നത്തെ ചില സാമൂഹികനീക്കങ്ങളോട് വിയോജിക്കാനും അദ്ദേഹം മടികാണിച്ചില്ല. പില്‍ക്കാല ചരിത്രം അദ്ദേഹത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് തെളിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തുവെങ്കിലും, കേരള ഘടകം രൂപീകരിക്കുന്നതിനോട് അദ്ദേഹം വിയോജിച്ചിരുന്നു. മുതിര്‍ന്ന പണ്ഡിതന്മാരുടെ തീരുമാനത്തിന് വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
സാന്ത്വനത്തിന്റെ ‘മോല്യേര്‍പ്പാപ്പ’
ജാതിമത ഭേദമന്യേ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായിരുന്നു അദ്ദേഹം. വിഷചികിത്സയില്‍ അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നു. പാമ്പുകടിയേറ്റും മറ്റും വിഷബാധയേറ്റും എത്തുന്ന നിരവധി പേര്‍ക്ക് അദ്ദേഹം ജീവിതം തിരിച്ചുനല്‍കി. നാട്ടുകാര്‍ സ്‌നേഹത്തോടെ ‘മോല്യേര്‍പ്പാപ്പ’ എന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന്റെ വീട് അഗതികള്‍ക്കും അനാഥകള്‍ക്കും എന്നും അഭയകേന്ദ്രമായിരുന്നു.
ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും
വിദ്യാഭ്യാസം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. അറബി ഭാഷയ്ക്ക് പുറമെ ഇംഗ്ലീഷ്, ഉറുദു, തമിഴ്, പേര്‍ഷ്യന്‍ ഭാഷകളിലും അദ്ദേഹം അഗാധമായ അറിവ് നേടിയിരുന്നു. മലബാറില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത്, സ്വന്തം ചെലവില്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം ഇതിന് പരിഹാരം കണ്ടത്. പുതുപ്പറമ്പില്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂള്‍ ഇന്നും ആ പ്രദേശത്തെ പ്രധാന പൊതുവിദ്യാലയമായി നിലകൊള്ളുന്നു.
രചനകളും നേതൃത്വവും
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹം, നാല് പതിറ്റാണ്ടോളം അതിന്റെ അമരക്കാരനായിരുന്നു. സംഘടനയുടെ രജിസ്‌ട്രേഷന്‍ ചെലവുകള്‍ ഉള്‍പ്പെടെ സ്വന്തം കീശയില്‍ നിന്നാണ് അദ്ദേഹം വഹിച്ചത്. ‘സിഹാഹു ശൈഖൈന്‍’ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും, ‘അല്‍ബയാന്‍’ മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു.
സ്വന്തം അധ്വാനവും സമ്പത്തും സമൂഹത്തിനായി ചിലവഴിച്ച അദ്ദേഹം, മക്കളില്ലാത്ത ദുഃഖത്തെ ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെയും സ്ഥാപനങ്ങളിലൂടെയും മറികടന്നു. 1965-ല്‍ അദ്ദേഹം വിടപറയുമ്പോള്‍, കേരളീയ സമൂഹത്തിന് അത് നികത്താനാവാത്ത നഷ്ടമായിരുന്നു. അദ്ദേഹം തെളിച്ച വെളിച്ചം ഇന്നും അനേകം തലമുറകള്‍ക്ക് വഴികാട്ടുന്നു.