രണ്ട് ദിർഹത്തിന് പത്ത് കിലോ വരെ അധിക ബാഗേജ്; പ്രവാസികൾക്ക് ഓഫറുമായി എയർ ഇന്ത്യ
ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കായി പ്രത്യേക അധിക ബാഗേജ് ഇളവുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക. പുതുവർഷത്തിന് ശേഷമുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്ക് വലിയ നേട്ടമാകുന്നതാണ് ഈ പ്രഖ്യാപനം.
പത്ത് കിലോയ്ക്ക വെറും രണ്ട് ദിർഹം
പുതിയ പദ്ധതി പ്രകാരം അഞ്ച് കിലോ അല്ലെങ്കിൽ പത്ത് കിലോ അധിക ബാഗേജ് വളരെ കുറഞ്ഞ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. പത്ത് കിലോ വരെയുള്ള അധിക ബാഗേജിന് യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് വെറും രണ്ട് ദിർഹം അല്ലെങ്കിൽ റിയാൽ മാത്രമാണ് ഈടാക്കുന്നത്. ഒമാൻ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 0.2 ഒമാനി റിയാൽ/ദിനാർ എന്ന നാമമാത്രമായ തുക നൽകിയാൽ മതിയാകും. വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് നൽകേണ്ടി വരുന്ന ഉയർന്ന അധിക ബാഗേജ് നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.
ആനുകൂല്യം എല്ലാ ടിക്കറ്റുകൾക്കും
നിലവിൽ ഭൂരിഭാഗം ടിക്കറ്റുകൾക്കുമൊപ്പം ലഭിക്കുന്ന 30 കിലോ ബാഗേജിന് പുറമെയായിരിക്കും ഈ അധിക സൗകര്യം. ഇതോടെ യാത്രക്കാർക്ക് ആകെ 40 കിലോ വരെ ബാഗേജ് കൊണ്ടുപോകാൻ സാധിക്കും. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ലെക്‌സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം ടിക്കറ്റുകൾക്കും ഈ ഓഫർ ലഭ്യമാണ്. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ അധിക ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന നിബന്ധനയുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം.
31-ന് മുമ്പ് ബുക്ക് ചെയ്യണം
ഈ മാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ജനുവരി 16 മുതൽ മാർച്ച് 10 വരെയുള്ള യാത്രകൾക്ക് ഈ ഇളവ് ബാധകമാണ്. കുടുംബ സന്ദർശനത്തിനും അവധിക്കാലത്തിനുമായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ ഈ പദ്ധതി സഹായിക്കും. ഗൾഫ് മേഖലയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരത്തെയും പ്രവാസി യാത്രകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഇത്തരം ജനകീയ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.