ഒറ്റയ്ക്കാണോ താമസം? സുരക്ഷ ഉറപ്പാക്കാൻ’ഡെമുമു’ ഉണ്ട്, 48 മണിക്കൂർ അനക്കമില്ലെങ്കിൽ വീട്ടിലറിയും; ഗ്ലോബൽ ട്രെൻഡായി ചൈനീസ് ആപ്പ് ’Are You Dead?’
ബീജിംഗ്: ‘ആർ യു ഡെഡ്?’ (Are You Dead?) എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ചൈനയിൽ വൻ തരംഗമായി മാറുന്നു. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും, ആധുനിക നഗരജീവിതത്തിലെ ഒറ്റപ്പെടലിന് പരിഹാരമായാണ് ഈ ആപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൈനീസ് ആപ്പ് സ്‌റ്റോറിലെ പണമടച്ചുള്ള ആപ്പുകളുടെ പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഈ ആപ്ലിക്കേഷൻ.
എന്താണ് ഈ ആപ്പ്?
മൂൺസ്‌കേപ്പ് ടെക്‌നോളജീസിലെ ഒരു കൂട്ടം യുവാക്കൾ വെറും 1000 യുവാൻ (ഏകദേശം 13,000 രൂപ) ബജറ്റിൽ വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. 2025 മെയിൽ നിശബ്ദമായി പുറത്തിറങ്ങിയ ആപ്പ് പെട്ടെന്നാണ് ജനപ്രീതിയാർജ്ജിച്ചത്. ചൈനയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഇതൊരു സുരക്ഷാ കവചമായി മാറിയിരിക്കുന്നു. ഉപയോക്താവ് ജീവനോടെയുണ്ടോ എന്ന് കൃത്യസമയത്ത് പരിശോധിക്കുകയും, പ്രതികരണമില്ലെങ്കിൽ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കുകയുമാണ് ഇതിന്റെ പ്രധാന ധർമ്മം.
സങ്കീർണ്ണമായ ഫീച്ചറുകളൊന്നും ഈ ആപ്പിലില്ല. ഉപയോക്താക്കൾ തങ്ങളുടെ അടിയന്തര കോൺടാക്റ്റുകൾ (കുടുംബാംഗങ്ങൾ അല്ലെങ്കിൽ സുഹൃത്തുക്കൾ) ഇതിൽ രജിസ്റ്റർ ചെയ്യണം. ഓരോ 48 മണിക്കൂർ കൂടുമ്പോഴും ഉപയോക്താവ് ആപ്പ് തുറന്ന് താൻ സുരക്ഷിതനാണെന്ന് സ്ഥിരീകരിക്കാൻ സ്‌ക്രീനിലെ വലിയ ബട്ടണിൽ ക്ലിക്ക് ചെയ്യണം. തുടർച്ചയായി രണ്ട് തവണ ഈ ‘ചെക്ക്ഇൻ’ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ആപ്പ് സ്വയമേവ രജിസ്റ്റർ ചെയ്ത കോൺടാക്റ്റുകൾക്ക് മുന്നറിയിപ്പ് സന്ദേശം അയക്കും. ലൊക്കേഷൻ ട്രാക്കിംഗോ മറ്റ് ആരോഗ്യ വിവരങ്ങളോ ശേഖരിക്കാതെ തന്നെ ഒരാളുടെ സുരക്ഷ ഉറപ്പാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ചൈനയിലെ നഗരവൽക്കരണവും മാറുന്ന ജീവിതശൈലിയുമാണ് ആപ്പിന്റെ വിജയത്തിന് പിന്നിൽ. 2030ഓടെ ചൈനയിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ എണ്ണം 200 ദശലക്ഷം കടക്കുമെന്നാണ് കണക്കാക്കുന്നത്. ജോലി തേടി നഗരങ്ങളിലെത്തുന്ന യുവാക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർ, അന്തർമുഖർ എന്നിവർക്ക് ഈ ആപ്പ് വലിയൊരു ആശ്വാസമാണ്. ആരെയും ബുദ്ധിമുട്ടിക്കാതെ തന്നെ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നുവെന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലും ലഭ്യമാണ്
ചൈനയിൽ ‘സീലെമെ’ (Si le me) എന്നറിയപ്പെടുന്ന ആപ്പ് ഇന്ത്യൻ ആപ്പ് സ്‌റ്റോറിലും ലഭ്യമാണ്. എന്നാൽ ‘ഡെമുമു’ (Demumu) എന്ന പേരിലാണ് അന്താരാഷ്ട്ര വിപണിയിൽ ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആപ്പിൾ ആപ്പ് സ്‌റ്റോറിലെ യൂട്ടിലിറ്റി വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ് ഈ ആപ്പ്. ഇന്ത്യയിൽ ഏകദേശം 99 രൂപ നൽകി ഈ സേവനം സ്വന്തമാക്കാം. ചൈനയിൽ 8 യുവാൻ (ഏകദേശം 103 രൂപ) ആണ് ഇതിന്റെ നിരക്ക്. സെർവർ ചെലവുകളും നോട്ടിഫിക്കേഷൻ സംവിധാനങ്ങളും പരിഗണിച്ചാണ് ആപ്പ് പണമടച്ചുള്ള സേവനമാക്കി മാറ്റിയിരിക്കുന്നത്.