അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ബദരീനാഥ് ,കേദാർനാഥ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം വരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ബദരീനാഥ്, കേദാർനാഥ് ധാമുകൾ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) ആണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. വരാനിരിക്കുന്ന ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പാസാക്കുമെന്ന് കമ്മിറ്റി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി അറിയിച്ചു.
ദേവഭൂമിയുടെ പവിത്രതയും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കി. ഗംഗോത്രി ധാമിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഗംഗോത്രി ക്ഷേത്ര കമ്മിറ്റി കഴിഞ്ഞ ദിവസം ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബികെടിസിയും സമാനമായ നീക്കവുമായി രംഗത്തെത്തിയത്. ഇതോടെ ചാർ ധാം തീർത്ഥാടന സർക്യൂട്ടിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലാതാകും.
അതേസമയം, ശൈത്യകാലത്തെ അടച്ചിടലിന് ശേഷം ബദരീനാഥ് ക്ഷേത്രത്തിന്റെ കവാടങ്ങൾ ഏപ്രിൽ 23ന് ഭക്തർക്കായി വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 22നും തുറക്കും. ബസന്ത് പഞ്ചമി ദിനത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ശേഷമാണ് തീയതി പ്രഖ്യാപിച്ചത്. അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19ന് ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങളും തുറക്കുന്നതോടെ ഈ വർഷത്തെ ചാർ ധാം തീർത്ഥാടനത്തിന് തുടക്കമാകും.