ഇനി നടത്തം സ്വർണത്തിന് മുകളിലൂടെ! ലോകത്തിലെ ആദ്യ സ്വർണത്തെരുവ് ദുബൈയിൽ വരുന്നു
ദുബൈ: ലോകത്തിലെ ആദ്യത്തെ സ്വർണത്തെരുവ് ദുബൈയിൽ ഒരുങ്ങുന്നു. ദുബൈ എമിറേറ്റിലെ പുതുതായി ആരംഭിച്ച ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് സ്വർണം കൊണ്ട് നിർമ്മിച്ച വിസ്മയത്തെരുവ് യാഥാർത്ഥ്യമാകുന്നത്. സ്വർണവും ആഭരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഈ പദ്ധതി ഇത്ര ദുബൈ (Ithra Dubai) ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എമിറേറ്റിന്റെ പുതിയ സ്വർണ ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ജില്ലയിൽ സ്വർണ വ്യാപാരം, നിക്ഷേപം, റീട്ടെയിൽ മേഖലകൾ ഒത്തുചേരുന്നു. നിലവിൽ ആയിരത്തിലധികം പ്രമുഖ ചില്ലറ വ്യാപാരികളാണ് ഇവിടെ സാന്നിധ്യമറിയിച്ചിട്ടുള്ളത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ജവാഹറ, തനിഷ്‌ക് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾക്ക് പുറമെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫ്‌ലാഗ്ഷിപ്പ് ഷോറൂമുമായി ജോയ്ആലുക്കാസും ഇവിടെ പ്രവർത്തനം ആരംഭിക്കും. 24,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ ഷോറൂം ഒരുങ്ങുന്നത്.
യുഎഇയുടെ സ്വർണ പൈതൃകത്തെയും വാണിജ്യ സാധ്യതകളെയും ഒന്നിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഇത്ര ദുബായ് സിഇഒ ഇസാം ഗലദാരി പറഞ്ഞു. 2024-2025 കാലയളവിൽ 53.41 ബില്യൺ ഡോളറിന്റെ സ്വർണ കയറ്റുമതിയുമായി ലോകത്തെ രണ്ടാമത്തെ വലിയ ഭൗതിക സ്വർണ വ്യാപാര കേന്ദ്രമായി യുഎഇ മാറിയിട്ടുണ്ട്. ഗോൾഡ് സ്ട്രീറ്റിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.