12 രൂപയുമായി നാടുവിട്ടു; ഇന്ന് 12,000 കോടിയുടെ ആസ്തി: ‘വിഷ്ണുനാമം’ വിജയമന്ത്രമാക്കി വജ്രസാമ്രാജ്യം കെട്ടിപ്പടുത്ത സാവ്ജി ഭായ്
വെറും 12 രൂപയുമായി ഗ്രാമത്തില്‍ നിന്നിറങ്ങിയ കൗമാരക്കാരന്‍ ഇന്ന് ലോകം ആദരിക്കുന്ന വജ്രവ്യാപാര സാമ്രാജ്യത്തിന്റെ അധിപനാണ്. ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് ഉടമയും പത്മശ്രീ ജേതാവുമായ സാവ്ജി ഭായ് ധോലാക്കിയയുടെ ജീവിതം ഏതൊരു സംരംഭകനും കൗതുകമാണ്. കഠിനാധ്വാനത്തിനൊപ്പം താന്‍ പാലിച്ചുപോന്ന ആത്മീയ അച്ചടക്കമാണ് തന്റെ വിജയരഹസ്യമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
1977ല്‍ ഗുജറാത്തിലെ ദുധാലയില്‍ നിന്ന് വെറും 12 രൂപയുമായി സൂറത്തിലെത്തിയ ധോലാക്കിയ, ഡയമണ്ട് പോളിഷറായാണ് കരിയര്‍ തുടങ്ങിയത്. അമ്മയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ദിവസവും 10,800 തവണ (108 ദൈവനാമങ്ങള്‍ 100 വട്ടം) വിഷ്ണു മന്ത്രം ജപിക്കുന്ന പതിവ് അദ്ദേഹം വര്‍ഷങ്ങളോളം തുടര്‍ന്നു. ഇതിനായി ദിവസവും ഏഴ് മണിക്കൂറോളം അദ്ദേഹം മാറ്റിവെച്ചു. ജപം തനിക്ക് മാനസിക വ്യക്തതയും അച്ചടക്കവും നല്‍കിയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
മറ്റുള്ളവര്‍ മാസങ്ങളെടുത്തു ചെയ്തിരുന്ന വജ്ര സംസ്‌കരണം വേഗതയേറിയ സാങ്കേതിക വിദ്യയിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി ധോലാക്കിയ വിപണി പിടിച്ചടക്കി. ‘ഗട്ടര്‍ ഡയമണ്ട്‌സ്’ എന്ന് വിളിക്കപ്പെടുന്ന അഴുക്കുചാലുകളില്‍ വീണുപോകുന്ന ചെറിയ വജ്രങ്ങള്‍ ശേഖരിച്ച് വിറ്റായിരുന്നു തുടക്കം. ബിസിനസ്സിലെ സൂക്ഷ്മതയാണ് പില്‍ക്കാലത്ത് അദ്ദേഹത്തെ വജ്രവ്യാപാരത്തിലെ രാജാവാക്കിയത്.
തന്റെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല മറിച്ച് പങ്കാളികളായാണ് അദ്ദേഹം കാണുന്നത്. ഇതിന്റെ ഭാഗമായാണ് നൂറുകണക്കിന് കാറുകളും ഫ്‌ലാറ്റുകളും ബോണസായി നല്‍കി അദ്ദേഹം ആഗോളതലത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ക്ഷേത്രത്തിന് സമാനമായ അന്തരീക്ഷമുള്ള ഫാക്ടറികളാണ് അദ്ദേഹത്തിന്റേത്. 100ലധികം രാജ്യങ്ങളിലേക്ക് ഇന്ന് അദ്ദേഹത്തിന്റെ വജ്രങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. അസാധ്യമായ ഒന്നുമില്ലെന്നും കൃത്യമായ ലക്ഷ്യവും കഠിനാധ്വാനവും ദൈവവിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും ഉയരങ്ങളിലെത്താമെന്നും സാവ്ജി ഭായ് ധോലാക്കിയയുടെ ജീവിതം തെളിയിക്കുന്നു.