26/01/2026

കോര്‍ട്ടില്‍ പക്ഷി കാഷ്ഠിച്ചു, സ്റ്റേഡിയത്തില്‍ കുരങ്ങ് ശല്യം; നാണക്കേടായി ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍

 കോര്‍ട്ടില്‍ പക്ഷി കാഷ്ഠിച്ചു, സ്റ്റേഡിയത്തില്‍ കുരങ്ങ് ശല്യം; നാണക്കേടായി ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഇന്ത്യ ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് നാണക്കേടായി പക്ഷി-മൃഗാദികളുടെ ശല്യം. ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ ഹാളില്‍ നടന്ന മത്സരത്തിനിടെ കോര്‍ട്ടില്‍ പക്ഷി കാഷ്ഠിച്ചതും, സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കുരങ്ങനെ കണ്ടെത്തിയതും സംഘാടകര്‍ക്ക് തലവേദനയായി.

ഇന്ത്യ ഓപ്പണ്‍ പ്രീ-ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ് പ്രണോയിയും സിംഗപ്പൂര്‍ താരം ലോ കീന്‍ യൂവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കോര്‍ട്ടില്‍ പക്ഷി കാഷ്ഠം വീണതിനെത്തുടര്‍ന്ന് മത്സരം അല്‍പനേരം നിര്‍ത്തിവച്ചു. ജീവനക്കാര്‍ എത്തി സ്ഥലം വൃത്തിയാക്കിയ ശേഷമാണ് കളി തുടര്‍ന്നത്. ഇതിനിടെ സ്റ്റേഡിയത്തിന്റെ ഉയര്‍ന്ന ഇരുമ്പ് ബീമുകള്‍ക്ക് മുകളിലൂടെ ഒരു കുരങ്ങന്‍ ഓടിനടക്കുന്നതും കാണികള്‍ കണ്ടു. അടച്ചിട്ട എസി ഹാളില്‍ ഇവ എങ്ങനെ പ്രവേശിച്ചു എന്നത് സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

ഡെന്മാര്‍ക്ക് താരം മിയ ബ്ലിച്ച്ഫെല്‍ഡ് പരിശീലന വേദിയിലെ (കെ.ഡി ജാദവ് ഹാള്‍) ശുചിത്വമില്ലായ്മയെയും പക്ഷിശല്യത്തെയും വിമര്‍ശിച്ചതിന് പിന്നാലെ, സ്റ്റേഡിയം ‘പ്രാവുകളില്‍നിന്ന് മുക്തമാണെന്ന്’ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ സഞ്ജയ് മിശ്ര അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കകമാണ് പ്രധാന വേദിയിലും പക്ഷി കാഷ്ഠം വില്ലനായത്.

നേരത്തെ, ഡല്‍ഹിയിലെ മലിനീകരണവും മോശം സാഹചര്യവും ഭയന്ന് ലോക മൂന്നാം നമ്പര്‍ താരം ആന്‍ഡേഴ്‌സ് ആന്റണ്‍സണ്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയിരുന്നു. കളിക്കാത്തതിന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് 5,000 ഡോളര്‍(ഏകദേശം 4.25 ലക്ഷം രൂപ) പിഴയടക്കേണ്ടി വരും. എന്നാല്‍, ഡല്‍ഹിയില്‍ വന്ന് ആരോഗ്യം കളയുന്നതിനെക്കാള്‍ ഭേദം പിഴയടക്കുന്നതാണെന്നാണ് ഡെന്മാര്‍ക്ക് താരം തുറന്നടിച്ചത്.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് പ്രണോയ് പ്രതികരിച്ചു. ‘മുകളിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു പക്ഷിയുണ്ടായിരുന്നു. ഇത് വലിയൊരു പ്രശ്‌നമായി പറയുന്നില്ലെങ്കിലും, കളിയുടെ താളം തെറ്റിക്കാന്‍ ഇത്തരം കാര്യങ്ങള്‍ മതിയാകും,’ അദ്ദേഹം പറഞ്ഞു.

ചിക്കുന്‍ഗുനിയയില്‍നിന്ന് മുക്തനായി തിരിച്ചെത്തിയ പ്രണോയിക്ക് മത്സരത്തില്‍ വിജയിക്കാനായില്ല. നിരവധി തവണ തടസപ്പെട്ട, മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ പ്രണോയ് പരാജയപ്പെട്ടു(സ്‌കോര്‍: 18-21, 21-19, 21-14).

Also read: