മൃതദേഹങ്ങൾ പുറത്തെടുത്ത് നൃത്തം ചെയ്യുന്ന വിചിത്ര ആചാരം! എന്താണ് മഡഗാസ്‌കറിലെ ‘ഫമാദിഹാന’?
അന്തനാനറിവോ: മരണം ജീവിതത്തിന്റെ അന്ത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ലോകജനത. ആ ചിന്തയിൽ നിന്ന് വ്യത്യസ്തമായി മരിച്ചവരെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ‘ഫമാദിഹാന’എന്ന വിചിത്ര ആചാരത്തെ പരിചയപ്പെടാം. ‘അസ്ഥികളുടെ മടക്കം’ എന്ന് അർത്ഥമുള്ള ‘ഫമാദിഹാന’ എന്ന ചടങ്ങിൽ അടക്കം ചെയ്ത ബന്ധുക്കളുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അവർക്കൊപ്പം കുടുംബാംഗങ്ങൾ നൃത്തം ചെയ്യുന്നതാണ് രീതി.
മരിച്ചവരുടെ ആത്മാക്കൾക്ക് ശവകുടീരങ്ങളിൽ വിരസത അനുഭവപ്പെടുമെന്നും അവർ ഇടയ്ക്ക് ഭൂമിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഈ ഗോത്രത്തിന്റെ വിശ്വാസം. അഞ്ച് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് ചടങ്ങ് നടക്കുന്നത്. കുഴിച്ചെടുത്ത മൃതദേഹങ്ങൾ പുതിയ പട്ടുതുണികളിൽ പൊതിഞ്ഞ് വെയിലത്ത് വെക്കുന്നു. തുടർന്ന് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെ കുടുംബാംഗങ്ങൾ മൃതദേഹങ്ങൾ തോളിലേറ്റുകയും ആഘോഷങ്ങളിൽ പങ്കുചേർക്കുകയും ചെയ്യുന്നു. തങ്ങളുടെ പൂർവ്വികർക്ക് ഇഷ്ടപ്പെട്ട സുഗന്ധദ്രവ്യങ്ങളും സമ്മാനങ്ങളും അവർ മൃതദേഹങ്ങൾക്കൊപ്പം സമർപ്പിക്കാറുണ്ട്.
അതേസമയം, 2017ൽ മഡഗാസ്‌കറിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വിശ്വാസത്തിന്റെ ഭാഗമായ ആചാരത്തിൽ നിന്ന് പിന്മാറാൻ പലരും തയ്യാറായില്ല. കൂടാതെ, ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പും ചടങ്ങുകൾ നടത്താനുള്ള വലിയ സാമ്പത്തിക ചെലവും കാരണം ഇപ്പോൾ ആചാരം നടത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നുണ്ട്.