26/01/2026

‘ഞാൻ റിങ്ങിൽ ചോര നീരാക്കി ഉണ്ടാക്കിയ പണം; വീട്ടിൽ കിടന്നുറങ്ങിയ അയാൾ കൈക്കലാക്കി’- മുൻ ഭർത്താവിനെതിരെ പൊട്ടിത്തെറിച്ച് മേരി കോം

 ‘ഞാൻ റിങ്ങിൽ ചോര നീരാക്കി ഉണ്ടാക്കിയ പണം; വീട്ടിൽ കിടന്നുറങ്ങിയ അയാൾ കൈക്കലാക്കി’- മുൻ ഭർത്താവിനെതിരെ പൊട്ടിത്തെറിച്ച് മേരി കോം

ന്യൂഡൽഹി: ബോക്സിങ് റിങ്ങിലെ ഇതിഹാസ താരം മേരി കോമും ഭർത്താവ് ഓൺലറും തമ്മിലുള്ള ദാമ്പത്യ തകർച്ച പരസ്യപ്പോരിലേക്ക്. 19 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചിതരായതിന് പിന്നാലെയാണ് പരസ്പരം പഴിചാരി ഇരുവരും രംഗത്തെത്തിയത്. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭർത്താവിന്റെ ത്യാഗമാണെന്ന വാദത്തെ മേരി കോം തള്ളി.

ഇന്ത്യാ ടിവിയിലെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിലാണ് മേരി കോം ഓൺലറിനെതിരെ ആഞ്ഞടിച്ചത്. അതേസമയം, മേരി കോമിന് വേണ്ടി സ്വന്തം കരിയർ ബലികഴിച്ച് വീട്ടുവേലക്കാരനെപ്പോലെ ജീവിക്കേണ്ടി വന്നുവെന്നാണ് ഓൺലറുടെ മറുവാദം.

“അയാൾ ഒരു രൂപ പോലും സമ്പാദിച്ചിരുന്നില്ല. ദിവസം മുഴുവൻ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പതിവ്. ഞാൻ റിങ്ങിൽ ചോര നീരാക്കി ഉണ്ടാക്കിയ പണം മുഴുവൻ എന്റെ അറിവില്ലാതെ അയാൾ കൈക്കലാക്കി,” മേരി കോം തുറന്നടിച്ചു.

തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലർ 10 ലക്ഷം രൂപ പിൻവലിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്നപ്പോഴാണ് ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത്. പഴയൊരു അക്കൗണ്ട് ക്ലോസ് ചെയ്തപ്പോൾ വെറും 30,000 രൂപ മാത്രമാണ് തനിക്ക് തിരികെ തന്നതെന്നും താരം ആരോപിച്ചു.

എന്നാൽ, ആരോപണങ്ങളെ ഓൺലർ ശക്തമായി നിഷേധിച്ചു. “ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഞാൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മേരിക്ക് വേണ്ടി ഞാനത് ഉപേക്ഷിച്ചു. മക്കളെ കുളിപ്പിച്ചും ഭക്ഷണം നൽകിയും സ്കൂളിൽ വിട്ടും ഒരു അടിമയെപ്പോലെയാണ് ഞാൻ ജീവിച്ചത്,” ഓൺലർ ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു.

തങ്ങൾ നിയമപരമായി വേർപിരിഞ്ഞതായും, ബിസിനസ് പങ്കാളിയായ ഹിതേഷ് ചന്ദ്രയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ സത്യമില്ലെന്നും മേരി കോം വ്യക്തമാക്കി.

2014-ൽ പുറത്തിറങ്ങിയ ‘മേരി കോം’ എന്ന ബോളിവുഡ് സിനിമയിൽ ഓൺലറെ മേരിയുടെ വിജയത്തിന് പിന്നിലെ ശക്തിയായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാൽ, യഥാർത്ഥ ജീവിതത്തിലെ കഥ മറ്റൊന്നാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്.

Also read: