26/01/2026

റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി

 റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ  കുഴഞ്ഞുവീണു; ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി മന്ത്രിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതും കുഴഞ്ഞുവീണതും. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ താങ്ങി ആംബുലന്‍സിലേക്ക് മാറ്റി.

തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ക്കായി മന്ത്രിക്കെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഴഞ്ഞുവീണ സമയത്ത് അദ്ദേഹം അല്പനേരം അബോധാവസ്ഥയിലായിരുന്നെങ്കിലും, ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ തന്നെ ബോധം തെളിയുകയും സാധാരണ നിലയിലേക്ക് വരികയും ചെയ്തു. നിര്‍ജ്ജലീകരണമോ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനമോ ആകാം തളര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മന്ത്രിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also read: