85-ാം വയസില്‍ ചന്ദ്രന് മാംഗല്യം; വധുവായി 65-കാരി രമ
എടക്കാട് (കണ്ണൂർ):നടാൽ മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ ഞായറാഴ്ച എൺപത്തിയഞ്ചുകാരനായ വടക്കേച്ചാലിൽ ചന്ദ്രനും അറുപത്തിയഞ്ചുകാരി ആഡൂർ മേപ്പാട് രമയും വിവാഹിതരായി. ഇരുവരും കൈപിടിച്ച് നടാൽ വായനശാലയ്ക്ക് സമീപത്തെ വീട്ടിലേക്ക് കയറുമ്പോൾ ഇളയമകൾ വധൂവരന്മാരുടെ കാലുകളിൽ വെള്ളമൊഴിച്ച് വരവേറ്റു.
ആറുവർഷം മുൻപ് ഭാര്യ മരിച്ചശേഷമുള്ള ചന്ദ്രന്റെ ഏകാന്തജീവിതത്തിലേക്കാണ് രമ കടന്നുവന്നത്. മാസങ്ങൾക്കുമുൻപാണ് ഇവർ പരിചയത്തിലായത്. കണ്ണൂരിലെ ടെക്സ്റ്റൈൽ സ്ഥാപനത്തിൽനിന്ന് ഡൈമാസ്റ്ററായി വിരമിച്ച ടി.വി. ചന്ദ്രൻ ചാല കോയ്യോട് റോഡിലെ ബാഗ് നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്നുണ്ട്. അവിടെ എത്തിയപ്പോഴാണ് രമയെ കണ്ടതും പരിചയപ്പെട്ടതും. രമയുടെ ഏകാന്തജീവിതത്തിനും ഇതോടെ വിരാമമായി. മേപ്പാട് കാവിനടുത്ത തറവാടുവീട്ടിൽ രമയും കൂട്ടില്ലാതെ ഒറ്റയ്ക്കായിരുന്നു താമസം.
അവിവാഹിതയായ രമയും ചന്ദ്രനും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ചുമക്കളും അച്ഛന് ഒരുപോലെ പിന്തുണ നൽകി. ഇളയമകളും ഭർത്താവും വിവാഹച്ചടങ്ങിൽ അച്ഛനൊപ്പമുണ്ടായിരുന്നു. ചന്ദ്രന്റെ ആറുമക്കളിൽ ഒരാൾ നേരത്തേ മരിച്ചിരുന്നു. മറ്റ് അഞ്ചുപേരും വിവാഹിതരായി കുടുംബത്തോടൊപ്പം താമസിക്കുകയാണ്. ഒറ്റപ്പെടലിൽനിന്ന് മോചനം നേടാനാണ് വിവാഹിതനാകാൻ തീരുമാനിച്ചതെന്ന് ചന്ദ്രൻ പറഞ്ഞു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. എഴുപതോളം പേർ കല്യാണത്തിനെത്തി.