27/01/2026

ഒമാനിൽ വിദേശ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് മരണം

 ഒമാനിൽ വിദേശ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് മരണം

മസ്‌കറ്റ്: ഒമാൻ തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. 25 ഫ്രഞ്ച് വിനോദസഞ്ചാരികളും ഗൈഡും ക്യാപ്റ്റനും ഉൾപ്പെടെ 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകി. മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഏകദേശം രണ്ട് മീറ്ററോളം ഉയരത്തിൽ തിരമാലകൾ അടിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ റോയൽ ഒമാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ ഒമാൻ തീരങ്ങളിൽ കാലാവസ്ഥാ വ്യതിയാനവും കടലിലെ അപകടസാധ്യതയും കണക്കിലെടുത്ത് അതോറിറ്റി പലപ്പോഴും ജാഗ്രതാനിർദ്ദേശം നൽകാറുണ്ട്. കഴിഞ്ഞ വർഷങ്ങളിലും ഒമാന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ വിനോദസഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

Also read: