28/03/2026
[fontresizer_tawhidurrahmandear_widget]

ഗണപത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ‘മൗലവി സാര്‍’; സമസ്ത ജനറല്‍ സെക്രട്ടറി-പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി എന്ന വിദ്യാഭ്യാസ വിചക്ഷണന്‍

 ഗണപത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ‘മൗലവി സാര്‍’; സമസ്ത ജനറല്‍ സെക്രട്ടറി-പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി എന്ന വിദ്യാഭ്യാസ വിചക്ഷണന്‍

പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അധികമാരും ഓര്‍ക്കാതെ പോകുന്ന ഒരു പേരുണ്ട്; പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി. ഒരു മതസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നതിലുപരി, കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച മികച്ചൊരു അധ്യാപകനും ഭാഷാസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളിലെ വെളിച്ചം

മതപണ്ഡിതന്മാര്‍ പള്ളികളിലെ ദര്‍സുകളില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു എന്നതാണ് മുഹമ്മദ് മൗലവിയെ വ്യത്യസ്തനാക്കുന്നത്. 1912-ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സ്‌കൂള്‍ സ്ഥാപിതമായപ്പോള്‍ അവിടെ അറബി അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് ആ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റര്‍ പദവി വരെ അലങ്കരിച്ചു.

ഹിമായത്തില്‍നിന്ന് വിരമിച്ച ശേഷം അദ്ദേഹം അധ്യാപന ജീവിതം അവസാനിപ്പിച്ചില്ല. 1946 വരെ കോഴിക്കോട് ഗണപത് ഹൈസ്‌കൂളില്‍ മുഴുവന്‍ സമയ അറബി അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. മതേതരമായ ഒരു പൊതുവിദ്യാലയത്തില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നത് അദ്ദേഹത്തിന്റെ സാമൂഹിക സ്വീകാര്യതയുടെ തെളിവാണ്. ഹിമായത്ത് സ്‌കൂളിന് വേണ്ടി അറബി ഭാഷയില്‍ മനോഹരമായ ഒരു പ്രാര്‍ത്ഥനാ ഗാനം അദ്ദേഹം രചിച്ചിരുന്നു. കൂടാതെ, ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം തയാറാക്കിയ അറബി പാഠപുസ്തകങ്ങള്‍ അന്നത്തെ പല മദ്രസകളും ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും അഭ്യസിക്കപ്പെടുകയും ചെയ്തു.

അച്ചടിക്കപ്പെടാതെ പോയ നിഘണ്ടു

ഭാഷാ പഠനരംഗത്ത് മുഹമ്മദ് മൗലവി നടത്തിയ ഏറ്റവും വലിയ പരിശ്രമം ഒരുപക്ഷേ കാലം വേണ്ടത്ര ഗൗനിക്കാതിരുന്ന ഒന്നാണ്. അറബി-മലയാളം ഭാഷകളില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ബൃഹത്തായ ഒരു ‘അറബി-മലയാള നിഘണ്ടു’ തയാറാക്കിയിരുന്നു. മലബാറില്‍ ഇത്തരമൊരു സംരംഭം ആദ്യത്തേതായിരുന്നുവെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് അച്ചടി മഷി പുരണ്ടില്ല. വൈജ്ഞാനിക കേരളത്തിന് അതൊരു വലിയ നഷ്ടം തന്നെയായിരുന്നു.

സംഘാടനത്തിലെ തികവ്

1881-ല്‍ (ഹിജ്‌റ 1300) കോഴിക്കോട്ട് ജനിച്ച മുഹമ്മദ് മൗലവി മുച്ചുന്തിപ്പള്ളി ദര്‍സിലും വാണിയമ്പാടി അറബിക് കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. പ്രശസ്ത പണ്ഡിതന്‍ അഹ്മദ് കോയ ശാലിയാത്തി അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.

കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ നിര്‍ണായകമായ ഒരധ്യായത്തിന് അദ്ദേഹം തുടക്കം കുറിച്ചു. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടപ്പോള്‍, സംഘടനയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് പള്ളിവീട്ടില്‍ മുഹമ്മദ് മൗലവിയായിരുന്നു. സംഘടനയുടെ ശൈശവദശയില്‍ ഓഫീസ് കാര്യങ്ങള്‍ ചിട്ടയായും ഭംഗിയായും കൊണ്ടുനടക്കുന്നതില്‍ ഈ മുന്‍ ‘ഹെഡ്മാസ്റ്ററു’ടെ ഭരണപാടവം വലിയ പങ്കുവഹിച്ചു.

വലിയൊരു ഗ്രന്ഥശേഖരത്തിന്റെ ഉടമയായിരുന്നു മുഹമ്മദ് മൗലവി. 1950 ഡിസംബര്‍ 12-ന് (1390 റബീഉല്‍ അവ്വല്‍ 2) അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. തന്റെ മരണശേഷം താന്‍ ജീവന് തുല്യം സ്‌നേഹിച്ച ഗ്രന്ഥശേഖരം വിജ്ഞാന കുതുകികള്‍ക്ക് ഉപകരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗശേഷം മക്കള്‍ ആ അമൂല്യ ഗ്രന്ഥശേഖരം പട്ടിക്കാട് ജാമിഅ നൂരിയ്യക്ക് കൈമാറി.

വാണിയമ്പലം കോയമൊയ്തീന്റെ മകള്‍ ഇമ്പിച്ചായിശബിയായിരുന്നു സഹധര്‍മിണി. ഇമ്പിച്ചിക്കോയ ഹാജി, കോയ മൊയ്തീന്‍ ഹാജി എന്നിവര്‍ മക്കളാണ്. അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്ത് അദ്ദേഹം തെളിച്ച വെളിച്ചം ഇന്നും അണയാതെ നില്‍ക്കുന്നു.

Also read: