27/01/2026

കനത്ത മഞ്ഞുവീഴ്ച്ച: യുഎസിൽ സ്വകാര്യ വിമാനം തകർന്ന് ആറുപേർ മരിച്ചു

 കനത്ത മഞ്ഞുവീഴ്ച്ച: യുഎസിൽ സ്വകാര്യ വിമാനം തകർന്ന് ആറുപേർ മരിച്ചു

വാഷിങ്ടൺ: യുഎസിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ ആറുപേർ മരിച്ചു. ഞായറാഴ്ച രാത്രി പറന്നുയരുന്നതിനിടെ ബോംബാർഡിയർ ചലഞ്ചർ 600 എന്ന ബിസിനസ് ജെറ്റ് തകർന്നുവീണാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി വിമാനത്താവള അധികൃതർ ഇന്നലെ സ്ഥിരീകരിച്ചു.

രാത്രി 7:45ഓടെ റൺവേയിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച വിമാനം നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടമായി മറിയുകയും തീപിടിക്കുകയുമായിരുന്നു. ‘വിമാനം തലകീഴായി കിടക്കുന്നു’ എന്ന എയർ ട്രാഫിക് കൺട്രോളറുടെ അടിയന്തര സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വിമാനം പൂർണ്ണമായും കത്തിനശിച്ചിരുന്നു.

കനത്ത മഞ്ഞുവീഴ്ചയും ദൃശ്യപരത കുറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് തൊട്ടുമുമ്പ്, മറ്റൊരു വിമാനത്തിന്റെ പൈലറ്റ് ദൃശ്യപരത കുറവായതിനാൽ യാത്ര റദ്ദാക്കി ഗേറ്റിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ബോംബാർഡിയർ വിമാനം പറന്നുയരുന്നതിന് മുമ്പ് മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ, വിമാനത്തിന്റെ ചിറകുകളിൽ വീണ്ടും മഞ്ഞ് അടിഞ്ഞുകൂടിയതാണോ അപകടകാരണമെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) പരിശോധിച്ചുവരികയാണ്.

ബോംബാർഡിയർ ചലഞ്ചർ വിമാനങ്ങളിൽ മുമ്പും സമാനമായ രീതിയിൽ ചിറകുകളിൽ ഐസ് അടിഞ്ഞുകൂടി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യം എൻടിഎസ്ബി പ്രത്യേകം പരിശോധിക്കും. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശൈത്യകാല കൊടുങ്കാറ്റ് രൂക്ഷമായതിനെത്തുടർന്ന് യുഎസിൽ ഇതിനകം പതിനായിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Also read: