‘കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു; ഫെനി ചാറ്റ് പുറത്തുവിട്ടത് അധിക്ഷേപിക്കാൻ’- അതിജീവിത
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മൂന്നാം പരാതിക്കാരി രംഗത്ത്. അഡ്വ. ഫെനി നൈനാൻ തന്റെ സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനും കൂടുതൽ പരാതിക്കാർ വരുന്നത് തടയാനുമാണെന്ന് അതിജീവിത ശബ്ദസന്ദേശത്തിലൂടെ ആരോപിച്ചു. പുറത്തുവന്ന ചാറ്റുകൾ അപൂർണ്ണമാണെന്നും താൻ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ മറച്ചുവെക്കാനാണ് നീക്കമെന്നും അവർ പറഞ്ഞു.
കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ രാഹുലിനോട് വൈകാരികമായ ബന്ധമുണ്ടായിരുന്നു. ഈ തകർച്ചയുടെ സമയത്താണ് ഇൻസ്റ്റാഗ്രാം വഴി ഫെനിയെ പരിചയപ്പെടുന്നത്. രാഹുലിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് പറഞ്ഞ് ഫെനി തന്നെ മാനിപ്പുലേറ്റ് ചെയ്തതായും സമരം നടക്കുന്ന സമയത്ത് പ്രാതലിന് പോലും പണമില്ലെന്ന് പറഞ്ഞ് പണം വാങ്ങിയതായും ശബ്ദസന്ദേശത്തിൽ പറയുന്നു.
രാഹുലുമായുളള ബന്ധത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കാരണം 2024 മെയ് മാസത്തിൽ തനിക്ക് ഗർഭഛിദ്രം നടന്നതായി അതിജീവിത വെളിപ്പെടുത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് രാഹുൽ വീണ്ടും സമീപിച്ചു. എന്നാൽ കാര്യങ്ങളിൽ വ്യക്തത തേടിയപ്പോൾ കാണാൻ വിസമ്മതിക്കുകയും സ്റ്റാഫിനെ ഉപയോഗിച്ച് തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റ് പെൺകുട്ടികൾക്ക് സമാനമായ അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഇപ്പോൾ പരാതിയുമായി മുന്നോട്ട് വന്നതെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും അതിജീവിത വ്യക്തമാക്കി.