6,4,6,4,6,4… അഭിഷേകിനെ ‘പഞ്ഞിക്കിട്ടു’; സര്‍ഫറാസ് ഖാന്‍ കലിപ്പിലാണ്-വേഗതയേറിയ അർധസെഞ്ച്വറി
ജയ്പൂർ: ലിസ്റ്റ് എ ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി മുംബൈ താരം സർഫറാസ് ഖാൻ. വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിൽ വെറും 15 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചാണ് സർഫറാസ് റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയാണിത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്നതിന്റെ നിരാശ ബാറ്റിംഗിൽ തീർക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ്മ എറിഞ്ഞ ഓവറിൽ മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടെ 30 റൺസ് അടിച്ചുകൂട്ടിയാണ് സർഫറാസ് തുടങ്ങിയത്. തുടർന്ന് ഹർപ്രീത് ബ്രാറിനെതിരെയും താരം തകർത്തടിച്ചു. 20 പന്തിൽ 62 റൺസെടുത്ത (7 ഫോർ, 5 സിക്‌സ്) താരം ഒടുവിൽ മായങ്ക് മാർക്കണ്ഡെയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 1995ൽ അഭിജിത് കാലെയും 2021ൽ അതിത് ഷെത്തും സ്ഥാപിച്ച 16 പന്തിലെ ഫിഫ്റ്റി റെക്കോർഡാണ് സർഫറാസ് പഴങ്കഥയാക്കിയത്.
പൊരുതി വീണ് മുംബൈ
സർഫറാസിന്റെ റെക്കോർഡ് ഇന്നിംഗ്‌സിനും മുംബൈയെ വിജയത്തിലെത്തിക്കാനായില്ല. പഞ്ചാബ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ നാടകീയമായ തകർച്ചയ്‌ക്കൊടുവിൽ വെറും ഒരു റണ്ണിനാണ് പരാജയപ്പെട്ടത്. അങ്ക്രിഷ് രഘുവംശി (23), മുഷീർ ഖാൻ (21) എന്നിവർ നൽകിയ തുടക്കത്തിന് ശേഷം സർഫറാസും ക്യാപ്റ്റൻ ശ്രേയസ് അയ്യരും (45) ടീമിനെ ജയത്തിനടുത്തെത്തിച്ചു. എന്നാൽ മധ്യനിരയിൽ സൂര്യകുമാർ യാദവ് (15), ശിവം ദുബെ (12) എന്നിവർ വേഗത്തിൽ പുറത്തായത് തിരിച്ചടിയായി. അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടർച്ചയായി വീണതോടെ മുംബൈ 215 റൺസിന് ഓൾഔട്ടായി. പഞ്ചാബിനായി ഗുർണൂർ ബ്രാറും മായങ്ക് മാർക്കണ്ഡെയും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.
സി.എസ്.കെയിലേക്ക് റെക്കോർഡ് തിളക്കവുമായി
ഈ സീസണിൽ ഉജ്ജ്വല ഫോമിലുള്ള സർഫറാസ് 190.56 സ്‌ട്രൈക്ക് റേറ്റിൽ 303 റൺസുമായി മുംബൈയുടെ ടോപ്പ് സ്‌കോററാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ 75 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. തോൽവി വഴങ്ങിയെങ്കിലും ഗ്രൂപ്പ് സിയിൽ നിന്ന് മുംബൈയും പഞ്ചാബും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.