26/01/2026

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു

 അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു

കോഴിക്കോട്: അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ്(സൗദിയ) കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറിലാണ് സര്‍വീസുകള്‍ ആരംഭിക്കുക. മലബാറിലെ പ്രവാസികള്‍ക്കും ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.

2026 ഫെബ്രുവരി ഒന്ന് മുതലാണ് റിയാദ്-കോഴിക്കോട് (കരിപ്പൂര്‍) സെക്ടറില്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നത്. റിയാദില്‍ നിന്ന് പുലര്‍ച്ചെ 1:20-ന് പുറപ്പെടുന്ന വിമാനം രാവിലെ 8:35-ന് കരിപ്പൂരിലെത്തും. തിരികെ രാവിലെ 9:45-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:50-ന് റിയാദില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ (ശനി, ഞായര്‍, ചൊവ്വ, വ്യാഴം) സര്‍വീസ് ഉണ്ടായിരിക്കും. പിന്നീട് ഇത് ആഴ്ചയില്‍ ആറ് ദിവസമായി വര്‍ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റിലും ട്രാവല്‍ ഏജന്‍സികളിലും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കരിപ്പൂരിലെ റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍, എയര്‍ബസ് എ321 നിയോ/ എ320 സീരീസിലുള്ള വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 എക്കോണമി ക്ലാസ് സീറ്റുകളും ഇതിലുണ്ടാകും.

2020 ഓഗസ്റ്റിലുണ്ടായ കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. റിയാദ് സര്‍വീസിന് പിന്നാലെ മാര്‍ച്ചോടെ ജിദ്ദ സര്‍വീസും പുനരാരംഭിക്കുമെന്നാണ് സൂചന.

Also read: