26/01/2026

റമദാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി സൗദി; പ്രാർത്ഥനകൾ ലൈവ് സ്ട്രീം ചെയ്യാൻ പാടില്ല, ക്യാമറകൾക്കും നിയന്ത്രണം

 റമദാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി സൗദി; പ്രാർത്ഥനകൾ ലൈവ് സ്ട്രീം ചെയ്യാൻ പാടില്ല, ക്യാമറകൾക്കും നിയന്ത്രണം

റിയാദ്: സൗദിയിലെ പള്ളികൾക്കായി ഇസ്‌ലാമിക കാര്യ മന്ത്രാലയം പുതിയ റമദാൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രാർത്ഥനകൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചും, പള്ളികൾക്കുള്ളിലെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. പള്ളികളിലെ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കുന്നതിനും വിശ്വാസികൾക്ക് മികച്ച ആത്മീയ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ.

ക്യാമറ ഉപയോഗവുമായി ബന്ധപ്പെട്ട് കർശനമായ നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. പള്ളികൾക്കുള്ളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാമെങ്കിലും, പ്രാർത്ഥനയ്ക്കിടെ ആരാധകരെയോ ഇമാമുകളെയോ വീഡിയോയിൽ പകർത്താൻ അവ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, സോഷ്യൽ മീഡിയയോ മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകളോ വഴി പ്രാർത്ഥനകളുടെ തത്സമയ സംപ്രേക്ഷണമോ പ്രക്ഷേപണമോ മന്ത്രാലയം നിരോധിച്ചു. പള്ളി ജീവനക്കാർക്ക് ജോലിയിൽ പൂർണ്ണ ഹാജർ നിർബന്ധമാക്കിയിട്ടുണ്ട്. അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രമേ അവധി അനുവദിക്കൂ. ഔദ്യോഗിക അംഗീകാരത്തോടെ പകരക്കാരെ നിശ്ചയിക്കാനും നിർദ്ദേശമുണ്ട്.

ഉമ്മുൽ ഖുറ കലണ്ടർ പ്രകാരമുള്ള പ്രാർത്ഥനാ സമയക്രമങ്ങൾ പള്ളികൾ കർശനമായി പാലിക്കണം. ഇഷാ പ്രാർത്ഥനയ്ക്കും ബാങ്കിനും ഇടയിലുള്ള ഇടവേള 15 മിനിറ്റായി നിശ്ചയിച്ചു. തഹജ്ജുദ് നമസ്‌കാരം പ്രഭാതത്തിന് മുൻപ് പൂർത്തിയാക്കണമെന്നും ഖുനൂത്ത് പ്രാർത്ഥനകളിൽ അമിതമായ ദൈർഘ്യമോ അലങ്കാരങ്ങളോ ഒഴിവാക്കി പ്രവാചക പാരമ്പര്യം പിന്തുടരണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

പള്ളികൾ കേന്ദ്രീകരിച്ചുള്ള പണസമാഹരണത്തിന് കർശന വിലക്കുണ്ട്. ഇഫ്താർ വിരുന്നുകൾക്കായി പണമായി സംഭാവനകൾ സ്വീകരിക്കാൻ പാടില്ല. നിശ്ചിത പള്ളി മുറ്റങ്ങളിൽ പള്ളി ജീവനക്കാരുടെ മേൽനോട്ടത്തിൽ മാത്രമേ ഇഫ്താർ സംഘടിപ്പിക്കാവൂ. വിരുന്നിന് ശേഷം പ്രദേശം ഉടനടി വൃത്തിയാക്കണം. കുപ്പിവെള്ള വിതരണത്തിൽ നിയന്ത്രണം വേണമെന്നും അമിതമായ സംഭരണം ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു. പള്ളി പരിസരങ്ങളിലെ യാചന തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇഅ്തികാഫ് ഇരിക്കുന്നവർ കൃത്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നും വിദേശികൾ സ്‌പോൺസറുടെ അനുമതി പത്രം ഹാജരാക്കണമെന്നും സർക്കുലറിൽ പറയുന്നു.സ്ത്രീകൾക്കായുള്ള പ്രാർത്ഥനാ മുറികൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ശുചിയായി സൂക്ഷിക്കാനും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും മന്ത്രാലയത്തിന്റെ പ്രാദേശിക വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകി. ഇൻസ്‌പെക്ടർമാർ ദിവസേന ഫീൽഡ് സന്ദർശനം നടത്തി റിപ്പോർട്ടുകൾ സമർപ്പിണം. വിശ്വാസികൾക്ക് സുരക്ഷിതവും സമാധാനപരവുമായ ആത്മീയ അന്തരീക്ഷം ഒരുക്കുകയാണ് പുതിയ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.

Also read: