26/01/2026

സെനഗൽ കോച്ചിന് വിലക്ക്; ലോകകപ്പ് മോഹങ്ങൾ തുലാസിൽ

 സെനഗൽ കോച്ചിന് വിലക്ക്; ലോകകപ്പ് മോഹങ്ങൾ തുലാസിൽ

റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിലെ നാടകീയ സംഭവങ്ങളെത്തുടർന്ന് സെനഗൽ മുഖ്യപരിശീലകൻ പാപ്പെ തിയാവിനെതിരെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ അച്ചടക്ക നടപടി.  മൊറോക്കോയ്‌ക്കെതിരായ ഫൈനലിനിടെ ടീമിനെ മൈതാനത്തുനിന്ന് തിരിച്ചുവിളിച്ചതിനാണ് നടപടി. ഇതോടെ 2026 ഫിഫ ലോകകപ്പിൽ ടീമിനെ നയിക്കാൻ തിയാവിന് സാധിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലായി.

മൊറോക്കോയ്ക്കെതിരായ ഫൈനലിന്റെ ഇഞ്ച്വറി ടൈമിൽ തങ്ങൾക്കെതിരെ പെനാൽറ്റി അനുവദിച്ച വീഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പാപ്പെ തിയാവ് കളിക്കാരോട് മൈതാനത്തു നിന്ന് കയറാൻ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് 15 മിനുട്ടോളം മത്സരം തടസ്സപ്പെട്ടു. പിന്നീട് സദിയോ മാനെയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സെനഗൽ ടീം വീണ്ടും കളിക്കാൻ തയാറായത്. മൊറോക്കൻ താരം ബ്രഹിം ഡിയാസ് എടുത്ത പെനാൽട്ടി കിക്ക് സെനഗൽ കീപ്പർ മെൻഡി പിടിച്ചെടുക്കുകയും പാപ്പെ ഗ്വെയുടെ ഗോളിൽ സെനഗൽ കിരീടം ചൂടുകയും ചെയ്തു. 

കടുത്ത നടപടിയുമായി സിഎഎഫ്

കളിക്കാരെ മൈതാനത്തു നിന്ന് പിൻവലിച്ച തിയാവിന്റെ നടപടി ഫുട്ബോളിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് സിഎഎഫ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ തിയാവിനെ സസ്പെൻഡ് ചെയ്തതായും വിശദമായ അന്വേഷണത്തിന് ശേഷം ശിക്ഷാ കാലാവധി നിശ്ചയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സിഎഎഫ് നടപടികൾ ഫിഫ ലോകകപ്പിലും ബാധകമായാൽ, ജൂണിൽ നടക്കുന്ന ലോകകപ്പിൽ സെനഗലിന് തങ്ങളുടെ പരിശീലകന്റെ സേവനം നഷ്ടമാകും. ഫ്രാൻസിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരം ഉൾപ്പെടെ തിയാവിന് നഷ്ടമായേക്കാം.

ആഫ്രിക്കൻ ഫൈനൽ കാണാൻ നേരിട്ടെത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും സെനഗലിന്റെ പെരുമാറ്റത്തെ ശക്തമായി അപലപിച്ചു. “അസ്വീകാര്യമായ രംഗങ്ങളാണ് മൈതാനത്ത് കണ്ടത്. മാച്ച് ഒഫീഷ്യലുകളുടെ തീരുമാനങ്ങളെ ബഹുമാനിക്കാൻ ടീമുകൾ തയ്യാറാകണം” – അദ്ദേഹം പറഞ്ഞു.

മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധത്തെത്തുടർന്ന് തിയാവ് ഇറങ്ങിപ്പോയതും വിവാദമായിരുന്നു. 

Also read: