സ്മിത്തിന് സെഞ്ച്വറി; ബാബറിന് ദേഷ്യം: സിഡ്‌നി ഡെർബിയിൽ നാടകീയ രംഗങ്ങൾ!
സിഡ്‌നി: ബിഗ് ബാഷ് ലീഗിലെ സിഡ്‌നി ഡെർബിയിൽ സിഡ്‌നി സിക്‌സേഴ്‌സ് തകർപ്പൻ വിജയം നേടിയെങ്കിലും സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ബാബർ അസമും തമ്മിലുണ്ടായ തർക്കം ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ സിംഗിൾ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് പാകിസ്ഥാൻ താരം ബാബർ അസമിനെ ചൊടിപ്പിച്ചത്.
തണ്ടർ ഉയർത്തിയ 190 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പതിനൊന്നാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ. ക്രിസ് ഗ്രീൻ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകൾ ഡോട്ട് ആയതിനെത്തുടർന്ന് നാലാം പന്തിൽ ബാബർ അസം സിംഗിളിന് ശ്രമിച്ചു. എന്നാൽ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് ഈ റൺ നിഷേധിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ പവർ സർജ് എടുക്കാൻ തീരുമാനിച്ചതിനാൽ സ്‌ട്രൈക്ക് നിലനിർത്താനായിരുന്നു സ്മിത്തിന്റെ നീക്കം.
ഈ തീരുമാനത്തിൽ അതൃപ്തനായ ബാബർ അസം പിച്ചിന്റെ മധ്യത്തിൽ വെച്ച് സ്മിത്തിനോട് തർക്കിച്ചു. തുടർന്ന് വന്ന പവർ സർജ് ഓവറിൽ റയാൻ ഹാഡ്‌ലിയെ തുടർച്ചയായി നാല് സിക്‌സറുകൾ ഉൾപ്പെടെ 32 റൺസ് അടിച്ചുകൂട്ടിക്കൊണ്ട് സ്മിത്ത് തന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. ബിബിഎൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഓവറാണിത്. എന്നാൽ അടുത്ത ഓവറിൽ സ്‌ട്രൈക്ക് ലഭിച്ച ബാബർ അസം (47) ആദ്യ പന്തിൽ തന്നെ പുറത്തായി. പവലിയനിലേക്ക് മടങ്ങുമ്പോൾ രോഷാകുലനായ ബാബർ ബൗണ്ടറി റോപ്പിൽ ബാറ്റ് കൊണ്ട് തട്ടി തന്റെ അമർഷം രേഖപ്പെടുത്തിരുന്നു.
ബാബറിന്റെ ഈ പെരുമാറ്റത്തെ മുൻ ഓസ്‌ട്രേലിയൻ താരം മാർക്ക് വോ രൂക്ഷമായി വിമർശിച്ചു. ‘ബാബർ അസം ഒട്ടും സന്തോഷവാനല്ലായിരുന്നു. അതൊരു നല്ല ലുക്ക് അല്ല. നിങ്ങൾക്ക് എന്ത് തോന്നിയാലും മൈതാനത്ത് അത് പ്രകടിപ്പിക്കാൻ പാടില്ലായിരുന്നു,’ കമന്ററിക്കിടെ മാർക്ക് വോ പറഞ്ഞു.
‘പവർ സർജ് ഓവറിൽ ഷോർട്ട് ബൗണ്ടറി ലക്ഷ്യമിട്ട് റൺസ് ഉയർത്താനായിരുന്നു എന്റെ തീരുമാനം. ആ ഓവറിൽ 30 റൺസ് നേടുമെന്ന് ഞാൻ ടീമിന് ഉറപ്പ് നൽകിയിരുന്നു. സിംഗിൾ നിഷേധിച്ചതിൽ ബാബറിന് അതൃപ്തിയുണ്ടെന്ന് എനിക്കറിയാമായിരുന്നു.’ മത്സരശേഷം തന്റെ തന്ത്രത്തെക്കുറിച്ച് സ്മിത്ത് വിശദീകരിച്ചു.
ബാബർ അസം പുറത്തായെങ്കിലും 41 പന്തിൽ സെഞ്ച്വറി തികച്ച സ്മിത്തിന്റെ അവിശ്വസനീയ ഇന്നിംഗ്‌സ് 16 പന്ത് ബാക്കി നിൽക്കെ സിക്‌സേഴ്‌സിനെ അഞ്ച് വിക്കറ്റ് വിജയത്തിലെത്തിച്ചു. നേരത്തെ തണ്ടറിനായി ഡേവിഡ് വാർണർ സെഞ്ച്വറി (110) നേടിയിരുന്നുവെങ്കിലും സ്മിത്തിന്റെ പോരാട്ടത്തിന് മുന്നിൽ അത് തകർന്നു പോയി.