02/03/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജയ് ഷാ മുന്നറിയിപ്പ് നൽകിയതാണ്’; പാകിസ്താനെ ഓർമിപ്പിച്ച് സുരേഷ് റെയ്‌ന

 ‘ഇന്ത്യയിലേക്ക് വന്നില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജയ് ഷാ മുന്നറിയിപ്പ് നൽകിയതാണ്’; പാകിസ്താനെ ഓർമിപ്പിച്ച് സുരേഷ് റെയ്‌ന

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് കടുത്ത മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഈ വർഷത്തെ ടി20 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണികൾക്കിടെ, ഐസിസി ചെയർമാൻ ജയ് ഷായുടെ നിലപാടുകൾ ഓർമ്മിപ്പിച്ചാണ് പിസിബി മേധാവി മൊഹ്‌സിൻ നഖ്‌വിക്ക് റെയ്‌ന മറുപടി നൽകിയത്. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് വിട്ടുനിന്നാൽ പാകിസ്ഥാന് കനത്ത വില നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) നടപടിയെ റെയ്‌ന വിമർശിച്ചു. ബംഗ്ലാദേശിന്റെ അഭാവം ടൂർണമെന്റിന് വലിയ നഷ്ടമാണെന്നും എന്നാൽ സുരക്ഷാ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിൽ വന്നിരുന്നെങ്കിൽ മികച്ച സ്പിന്നർമാരുള്ള ബംഗ്ലാദേശിന് വലിയ മുന്നേറ്റം നടത്താമായിരുന്നു. അവർക്ക് സംഭവിച്ചത് അവരുടെ തന്നെ തെറ്റാണ്,’ വേൾഡ് ലെജൻഡ്‌സ് പ്രോ ടി20 ലീഗിനിടെ അദ്ദേഹം പ്രതികരിച്ചു.

പാകിസ്ഥാൻ നിലവിൽ ബഹിഷ്‌കരണ പാതയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് റെയ്‌നയുടെ ഇടപെടൽ. ഇന്ത്യയിലേക്ക് വരാത്ത ടീമുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന ഐസിസി ചെയർമാന്റെ പ്രസ്താവന റെയ്‌ന ആവർത്തിച്ചു. ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ ഐസിസി അംഗത്വം സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ഇത് ബോർഡുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത മാസം രണ്ടിന് പിസിബി തങ്ങളുടെ അന്തിമ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ, റെയ്‌നയുടെ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. രാഷ്ട്രീയ പ്രസ്താവനകളേക്കാൾ ഉപരിയായി ക്രിക്കറ്റിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ഇന്ത്യയിലെ ലോകകപ്പിൽ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്നാണ് റെയ്‌ന നൽകുന്ന സന്ദേശം.

Also read: