26/01/2026

തായ്-കംബോഡിയ അതിർത്തിയിൽ വീണ്ടും പ്രതിമ തർക്കം; വിഷ്ണുവിഗ്രഹത്തിന് പകരം ബുദ്ധപ്രതിമ സ്ഥാപിച്ച് തായ്‌ലൻഡ്

 തായ്-കംബോഡിയ അതിർത്തിയിൽ വീണ്ടും പ്രതിമ തർക്കം; വിഷ്ണുവിഗ്രഹത്തിന് പകരം ബുദ്ധപ്രതിമ സ്ഥാപിച്ച് തായ്‌ലൻഡ്

ബാങ്കോക്ക്: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ തർക്കപ്രദേശത്ത് ഹിന്ദു വിഗ്രഹം നീക്കം ചെയ്ത് ബുദ്ധപ്രതിമ സ്ഥാപിച്ച നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാക്കുന്നു. കഴിഞ്ഞ മാസം തായ് സൈന്യം തകർത്ത വിഷ്ണു വിഗ്രഹത്തിന് പകരമായാണ് അതേ സ്ഥാനത്ത് പുതിയ ബുദ്ധപ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

തായ്‌ലൻഡ് ‘അൻ മാ’ എന്നും കംബോഡിയ ‘അൻ സെസ്’ എന്നും വിളിക്കുന്ന തന്ത്രപ്രധാനമായ അതിർത്തി മേഖലയിലാണ് പുതിയ നീക്കം. തർക്ക പ്രദേശത്ത് പ്രതിമ സ്ഥാപിച്ചത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് കംബോഡിയൻ ഭരണകൂടം ആരോപിച്ചു. എന്നാൽ, അതിർത്തിയിലെ തായ് പൗരന്മാരുടെയും സൈനികരുടെയും മനോവീര്യം വർധിപ്പിക്കാനാണ് ബുദ്ധപ്രതിമ സ്ഥാപിച്ചതെന്നും ആരുടെയും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും തായ് സൈന്യം വ്യക്തമാക്കി.

കൊളോണിയൽ കാലഘട്ടം മുതലുള്ള 800 കിലോമീറ്ററോളം വരുന്ന അതിർത്തി നിർണ്ണയത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി പോരാട്ടം തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി നടന്ന അതിശക്തമായ ഏറ്റുമുട്ടലിൽ ഇരുഭാഗത്തുനിന്നുമായി നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, തങ്ങളുടെ ഭൂമി തായ്‌ലൻഡ് കൈയേറിയെന്ന ആരോപണവുമായി കംബോഡിയ രംഗത്തെത്തിയത് മേഖലയിൽ വീണ്ടും യുദ്ധഭീതി പടർത്തുകയാണ്. ഇരുരാജ്യങ്ങളും ബുദ്ധമത വിശ്വാസികൾക്ക് മുൻതൂക്കമുള്ളവരാണെങ്കിലും, രാഷ്ട്രീയ പരമാധികാരത്തെച്ചൊല്ലിയുള്ള തർക്കം പരിഹാരമില്ലാതെ തുടരുന്നു.

Also read: