ഇവനെ പിടിച്ചു കെട്ടാനാകില്ല! ദക്ഷിണാഫ്രിക്ക അണ്ടർ19 ടീമിനെതിരെയും ബാറ്റിങ് വിസ്ഫോടനം
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വെടിക്കെട്ട്. ബെനോനിയിലെ വില്ലോമൂർ പാർക്കിൽ ദക്ഷിണാഫ്രിക്ക അണ്ടർ19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിൽ 14കാരനായ വൈഭവ് സൂര്യവംശി പുതിയ ലോക റെക്കോർഡ് കുറിച്ചു. വെറും 15 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച സൂര്യവംശി, യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന നേട്ടമാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ഒമ്പത് വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. 2016ലെ അണ്ടർ19 ലോകകപ്പിൽ നേപ്പാളിനെതിരെ 18 പന്തിൽ പന്ത് നേടിയ അർദ്ധസെഞ്ച്വറിയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ആയുഷ് മാത്രെയുടെ അഭാവത്തിൽ ടീമിനെ നയിക്കാനിറങ്ങിയ വൈഭവ്, ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 24 പന്തിൽ 68 റൺസ് നേടി പുറത്താകുമ്പോൾ ഒരു ഫോറും 10 സിക്‌സറുകളും ആ ഇന്നിംഗ്‌സിൽ പിറന്നിരുന്നു.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 20 ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി. ജനുവരി 15ന് ആരംഭിക്കുന്ന അണ്ടർ19 ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് സൂര്യവംശിയുടെ ഈ തകർപ്പൻ ഫോം. ഗ്രൂപ്പ് ബിയിൽ യുഎസ്എ, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നിവർക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. ജനുവരി 15ന് ബുലവായോയിൽ യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ വെറും 52 പന്തിൽ സെഞ്ച്വറി നേടി വൈഭവ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ബീഹാറിനായി വിജയ് ഹസാരെ ട്രോഫിയിലും താരം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയതോടെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎൽ സെഞ്ച്വറിയെന്ന റെക്കോർഡും ഈ കൗമാരതാരം സ്വന്തമാക്കിയിരുന്നു.
നിലവിൽ ജിതേഷ് ശർമ്മ നയിക്കുന്ന ഇന്ത്യ ‘എ’ ടീമിലും അംഗമായ വൈഭവ് സൂര്യവംശി, റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഭാവിയിലെ ഇന്ത്യൻ ക്രിക്കറ്റിന്റെ വാഗ്ദാനമായാണ് ഈ ഇടംകൈയ്യൻ ഓപ്പണറെ കായിക ലോകം വിലയിരുത്തുന്നത്.