02/03/2026
[fontresizer_tawhidurrahmandear_widget]

18 വയസ്സ്, 120 കന്നുകാലികൾ: പ്രതിമാസം കൊയ്യുന്നത് 6 ലക്ഷം രൂപ

 18 വയസ്സ്, 120 കന്നുകാലികൾ: പ്രതിമാസം കൊയ്യുന്നത് 6 ലക്ഷം രൂപ

പഞ്ചാബിലെ കൗമാരക്കാർ ഐ.ഇ.എൽ.ടി.എസ് കോച്ചിങ് സെന്ററുകളിലേക്കും വിദേശ വിസയ്ക്കായുള്ള നെട്ടോട്ടത്തിലുമാണെങ്കിൽ ബർണാലയിലെ സെഹ്ന ഗ്രാമത്തിലുള്ള സൊഹൽപ്രീത് സിങ് സിദ്ധുവിന് പറയാനുള്ളത് മറ്റൊരു കഥയാണ്. വിദേശത്തെ തണുപ്പുള്ള നഗരങ്ങളേക്കാൾ സൊഹൽപ്രീത് ഇഷ്ടപ്പെടുന്നത് തന്റെ ഫാമിലെ എരുമകളുടെ സാമീപ്യമാണ്. ഈ പതിനെട്ടുകാരൻ ഇന്ന് വെറുമൊരു കൗമാരക്കാരനല്ല, പ്രതിമാസം ആറ് ലക്ഷം രൂപ വരെ ലാഭമുണ്ടാക്കുന്ന വിജയിയായ യുവ സംരംഭകൻ കൂടിയാണ്.

ഒരു സ്വപ്നത്തിന്റെ തുടക്കം

മൂന്ന് വർഷം മുൻപ്, തന്റെ പതിനഞ്ചാം വയസ്സിലാണ് സൊഹൽപ്രീത് ഈ വഴി തെരഞ്ഞെടുത്തത്. മിക്ക മാതാപിതാക്കളും മക്കളെ വിദേശത്തേക്ക് അയക്കാൻ ലക്ഷങ്ങൾ മാറ്റിവെക്കുമ്പോൾ, സൊഹൽപ്രീത് തന്റെ അച്ഛൻ ബൽബീർ സിങ്ങിനോട് ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു. ‘എന്നെ വിദേശത്തേക്ക് അയക്കാൻ പണം കളയരുത്, ആ തുക ഇവിടെ ബിസിനസ് തുടങ്ങാൻ എനിക്ക് നൽകുക,’ എന്നതായിരുന്നു ആവശ്യം. ഒരു എരുമയിൽ തുടങ്ങിയ യാത്ര ഇന്ന് 120ഓളം കന്നുകാലികളുള്ള വലിയൊരു ഡയറി ഫാമിലെത്തി നിൽക്കുന്നു. മുറ, നീലി രവി തുടങ്ങിയ മികച്ച ഇനം എരുമകളും പശുക്കളും അവന്റെ ഫാമിലെ താരങ്ങളാണ്.

അധ്വാനത്തിന്റെ ദിനചര്യ

വെറുമൊരു മുതലാളി ചമഞ്ഞിരിക്കുകയല്ല സൊഹൽപ്രീത് ചെയ്യുന്നത്. പുലർച്ചെ 4:30ന് ഉണരുന്നത് മുതൽ ഓരോ കന്നുകാലിയുടെയും ശുചിത്വവും ആരോഗ്യവും അവൻ നേരിട്ട് പരിശോധിക്കുന്നു. കറവ മെഷീനുകൾ ഉണ്ടെങ്കിലും മൃഗങ്ങളെ പരിപാലിക്കുന്ന കാര്യത്തിൽ സൊഹൽപ്രീത് അതീവ ശ്രദ്ധാലുവാണ്.

‘ഓരോ ജോലിയും നമ്മൾ തന്നെ ചെയ്തു പഠിക്കണം, എങ്കിൽ മാത്രമേ പ്രതിസന്ധികളിൽ ആരെയും ആശ്രയിക്കാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ,’ സൊഹൽപ്രീത് തന്റെ അനുഭവം പങ്കുവെക്കുച്ചു.

തുടക്കത്തിൽ നല്ല ഇനമല്ലാത്ത മൃഗങ്ങളെ വാങ്ങി ചില നഷ്ടങ്ങൾ സംഭവിച്ചെങ്കിലും അതെല്ലാം വിലപ്പെട്ട പാഠങ്ങളാക്കി മാറ്റിയതാണ് ഈ കൗമാരക്കാരന്റെ വിജയം. നിലവിൽ 20 ഏക്കർ സ്വന്തം ഭൂമിയിലും 22 ഏക്കർ പാട്ടത്തിനെടുത്ത ഭൂമിയിലുമായി കാലിത്തീറ്റയും മറ്റും അവൻ തന്നെ നേരിട്ട് കൃഷി ചെയ്യുന്നു.

കൃഷിയിലെ ശാസ്ത്രീയ മുഖം

വെറ്ററിനറി ബിരുദം നേടുക എന്നതാണ് സൊഹൽപ്രീതിന്റെ അടുത്ത ലക്ഷ്യം. അനുഭവപരിചയത്തിനൊപ്പം ശാസ്ത്രീയമായ അറിവ് കൂടി ചേരുമ്പോഴേ ബിസിനസ്സ് വലിയ തലത്തിലേക്ക് വളർത്താൻ കഴിയൂ എന്ന് അവൻ വിശ്വസിക്കുന്നു. പ്രതിദിനം 700 ലിറ്ററോളം പാൽ വിൽക്കുന്നതിലൂടെ 10 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഈ ഫാമിൽ നടക്കുന്നത്. ഇതിൽ 60 ശതമാനത്തോളം ലാഭമാണ്. ഈ തുക വീണ്ടും ഫാം വികസിപ്പിക്കാനാണ് അവൻ ഉപയോഗിക്കുന്നത്.

സ്വന്തം മണ്ണിൽ അധ്വാനിച്ചാൽ വിദേശത്ത് ലഭിക്കുന്നതിനേക്കാൾ വലിയ നേട്ടങ്ങൾ ഇവിടെ കൊയ്യാമെന്ന് കൊച്ചു മിടുകൻ തെളിയിച്ചു കഴിഞ്ഞു. ‘എനിക്ക് എന്റെ പഞ്ചാബ് വിട്ടുപോകണ്ട, എന്റെ ഭാവി ഈ മണ്ണിലാണ്,’ എന്ന സൊഹൽപ്രീതിന്റെ വാക്കുകൾ ഇന്ന് പഞ്ചാബിലെ ഓരോ യുവാവിനും നൽകുന്നത് വലിയൊരു സന്ദേശമാണ്. മകൻ പടുത്തുയർത്തിയ ക്ഷീര സാമ്രാജ്യം കണ്ട് അഭിമാനത്തോടെ നിൽക്കുകയാണ് അച്ഛൻ ബൽബീർ സിങ്ങും മുത്തച്ഛൻ നിഷാൻ സിങ്ങും.

Also read: