04/04/2026
[fontresizer_tawhidurrahmandear_widget]

പിതൃസ്മരണയിൽ പതിനായിരങ്ങൾ; ആലുവ മണപ്പുറത്ത് ബലിതർപ്പണം തുടരുന്നു

 പിതൃസ്മരണയിൽ പതിനായിരങ്ങൾ; ആലുവ മണപ്പുറത്ത് ബലിതർപ്പണം തുടരുന്നു

ആലുവ: പിതൃമോക്ഷ പ്രാർത്ഥനകളുമായി പതിനായിരങ്ങൾ അണിനിരന്നതോടെ ആലുവ മണപ്പുറം ഭക്തിസാന്ദ്രമായി. മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. കുംഭമാസത്തിലെ അമാവാസി ദിവസമായ നാളെയും വാവുബലി ചടങ്ങുകൾ തുടരും. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി 116 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ 1500-ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫയർഫോഴ്‌സ്, നേവി വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്. ഭക്തരുടെ യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി 250 പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. കൊച്ചി മെട്രോയും അധികസമയം സർവീസ് ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം തുടരും.

ഭക്തർക്കായി സൗജന്യ ലഘുഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തെത്തുന്നവർക്കായി ദേവസ്വം ബോർഡ് രണ്ട് കോടി രൂപയുടെയും ആലുവ നഗരസഭ ഒരു കോടി രൂപയുടെയും ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത് ശ്രദ്ധേയമായി. പിതൃസ്മരണയിൽ മുങ്ങിക്കുളിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിശ്വാസികൾ പെരിയാർ തീരത്തേക്ക് ഒഴുകിയെത്തുന്നത്.

Also read: